കനത്ത മഴയെ തുടർന്ന് അടച്ച അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു
text_fieldsതൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് അടച്ച അതിരപ്പിള്ളിയും വാഴച്ചാലും വിനോദസഞ്ചാരികൾക്കായി തുറന്നു. അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും സന്ദർശകരെ പ്രവേശിപ്പിച്ചുതുടങ്ങി. മലക്കപ്പാറ യാത്രക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. അതിരപ്പിള്ളി-മലക്കപ്പാറ റോഡും തുറന്നിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകൾ തുറന്നതിനാൽ അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വെള്ളച്ചാട്ടം അതിശക്തമായാണ് നിറഞ്ഞൊഴുകിയിരുന്നത്. ഇവിടങ്ങളിൽ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി മുതൽ മഴ ശമിച്ചതിനാൽ അപകടാവസ്ഥ ഇല്ലാത്തതിനാലാണ് അതിരപ്പിള്ളിയും വാഴച്ചാലും തുറന്നുകൊടുത്തത്.
ചാലക്കുടി പുഴയും വെള്ളച്ചാട്ടവും കരകവിഞ്ഞൊഴുകിയതിനാൽ സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. ടൂറിസ്റ്റുകളുടെ പ്രവേശനവും വിലക്കി. 2018ലെ പ്രളയകാലത്തിന് സമാനമായാണ് അതിരപ്പിള്ളിയില്‍ വെള്ളം നിറഞ്ഞ് ഒഴുകുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.