അനുമതി ലഭിക്കും മുമ്പ് സർക്കാർ സ്കെച്ചിൽ അതിരപ്പിള്ളി പദ്ധതി
text_fieldsകൊച്ചി: സംസ്ഥാന സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയ ജലവൈദ്യുതി പദ്ധതികളുടെ സ്കെച്ചിൽ പാരിസ്ഥിതിക അനുമതി ലഭിക്കാത്ത അതിരപ്പിള്ളി പദ്ധതിയും. കേന്ദ്രത്തിൽനിന്ന് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേടാൻ കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി നൽകി സർക്കാർ കഴിഞ്ഞ ജൂൺ നാലിന് ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു.
ഇതിനിടെയാണ് ചാലക്കുടി, പെരിയാർ, പമ്പ നദീതടങ്ങളിലെ ജലവൈദ്യുതി പദ്ധതികളുടെ സ്കെച്ചിൽ നിർദിഷ്ട പദ്ധതിയെന്ന് വിശേഷിപ്പിച്ച് അതിരപ്പിള്ളിയെയും ഉൾക്കൊള്ളിച്ചത്. ഇൻറർ സ്റ്റേറ്റ് വാട്ടർ സെല്ലാണ് സ്കെച്ച് വരച്ചത്. കേരള ഷോളയാർ, പൊരിങ്ങൽകുത്ത്, അതിരപ്പിള്ളി, ചാലക്കുടി ജലസേചന പദ്ധതി എന്നിവയാണ് ചാലക്കുടി നദീതട പദ്ധതികളായി സ്കെച്ചിൽ രേഖപ്പെടുത്തിയത്.
അണക്കെട്ടിൽ 8.44 എം.സി.എം ജലം സംഭരിക്കാനാകും.163 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. പൊരിങ്ങൽകുത്ത് അണക്കെട്ടിൽനിന്നുള്ള സ്പിൽ ഓവറും വൈദ്യുതി ഉൽപാദന ശേഷം പുറന്തള്ളുന്ന ജലവുമാണ് നിർദിഷ്ട പദ്ധതിക്ക് ഉപയോഗപ്പെടുത്തുക. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 400 മീറ്റർ മുകളിലുമായി ഡാം.
കെ.എസ്.ഇ.ബി അപേക്ഷയെ തുടർന്നാണ് പാരിസ്ഥിതിക അനുമതി നേടാൻ സർക്കാർ എൻ.ഒ.സി നൽകിയത്. എൻ.ഒ.സിക്ക് ഏഴു വർഷം കാലാവധിയുണ്ട്. അതിരപ്പിള്ളി പദ്ധതി യാഥാർഥ്യമായാൽ പാരിസ്ഥിതിക പ്രാധാന്യമുള്ള 140 ഹെക്ടർ വനം നഷ്ടപ്പെടുമെന്നും വിനോദസഞ്ചാര കേന്ദ്രമായ വെള്ളച്ചാട്ടത്തിന് ദോഷകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. കാടർ വിഭാഗത്തിലെ രണ്ട് ആദിവാസി കോളനികളെയും കുടിയൊഴിപ്പിക്കേണ്ടി വരും. കേരളത്തിൽ അവശേഷിക്കുന്ന അവസാനത്തെ താഴ്ന്ന പുഴയോരക്കാടുകളില് 28.4 ഹെക്ടര് മുങ്ങിപ്പോകുമെന്നും പദ്ധതി സംബന്ധിച്ച പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.