കായികതാരങ്ങൾ നിരവധി; ചാത്തന്നൂരിൽ കളിസ്ഥലമില്ല
text_fieldsചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കായികതാരങ്ങൾ ഒരുപാടുണ്ട്. പക്ഷേ, അവർക്ക് ഉപകരിക്കുന്ന കളിസ്ഥലം പഞ്ചായത്തിലെങ്ങുമില്ല. കായികമത്സരങ്ങൾ സ്വകാര്യ മൈതാനങ്ങളിലോ സ്വകാര്യ വ്യക്തികളുടെ ഇൻഡോർ സ്റ്റേഡിയങ്ങളിലോ ആണ് സംഘടിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ പഞ്ചായത്തിലെ കായികപ്രേമികളുടെ സ്വന്തമായി ഒരു കളിക്കളം എന്ന സ്വപ്നത്തിനുനേരെ പഞ്ചായത്ത് അധികൃതർ മുഖംതിരിക്കുന്നു. ദേശീയതലത്തിലെത്തിയ ഏഷ്യാഡ് ശ്യാംകുമാർ അടക്കമുള്ള കായികതാരങ്ങൾ വളർന്നുവന്ന നാട്ടിൽ കായികതാരങ്ങൾ ഇപ്പോൾ പരിശീലനത്തിനായി നെട്ടോട്ടമോടുകയാണ്.
കായികപ്രേമികളുടെ നാടെന്ന ഖ്യാതികേട്ട ചാത്തന്നൂരിൽ സ്വന്തമായി ഒരു കളിസ്ഥലം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് 15 ഓളം യൂത്ത് ക്ലബുകളാണുള്ളത്. ഇവരെല്ലാം മത്സരങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. സ്ഥലപരിമിതിയാണ് കായികതാരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. പഞ്ചായത്ത് തലത്തിൽ നിലവിൽ ഒരു ഗ്രൗണ്ടുള്ളത് പഞ്ചായത്തിന്റെ തെക്കേ അറ്റമായ എം.സി പുരം വാർഡിലാണ്. ചാത്തന്നൂരിന്റെ വിവിധ ഭാഗത്തുള്ളവർക്ക് ഇവിടെയെത്താനുള്ള വാഹനസൗകര്യവുമില്ല.
വർഷങ്ങൾക്ക് മുമ്പ് ഫുട്ബാൾ മത്സരം നടത്തിവരുന്ന പഞ്ചായത്താണിത്. സ്കൂൾ കായികമേളകൾക്ക് പുറെമ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഒട്ടേറെ കായികമത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ദേശീയ അന്തർദേശീയ തലത്തിലെത്തിയ കായികതാരങ്ങളും പഞ്ചായത്തിലുണ്ട്. സർക്കാർമേഖലയിലും സ്വകാര്യമേഖലയിലുമായി രണ്ട് വലിയ ഹൈസ്കൂളുകളുണ്ടെങ്കിലും ഇവിടെ സൗകര്യപ്രദമായ ഗ്രൗണ്ടുകളില്ല.
സ്വകാര്യമേഖലയിലെ സി.ബി.എസ്.സി സ്കൂളുകളിലെയും സ്ഥിതി വിഭിന്നമല്ല. പഞ്ചായത്തിലെ വിദ്യാർഥികൾ അടക്കം പഞ്ചായത്തിനുപുറത്തുള്ള ഗ്രൗണ്ടുകളിലോ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലോ പോയി വാടകനൽകിയാണ് ഫുട്ബാൾ മത്സരങ്ങളും പരിശീലനവും നടത്തുന്നത്.
എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ട് സ്വകാര്യസ്ഥലമായതിനാൽ പല ആവശ്യങ്ങൾക്കും വിട്ടുകൊടുക്കാറില്ല. വയലുനട ഗ്രൗണ്ട് എന്നറിയപ്പെടുന്ന വ്യവസായ വകുപ്പിന്റെ സ്ഥലം വ്യവസായ വകുപ്പ് കെട്ടിയടക്കുകയായിരുന്നു. ഇത് മൂലം ആ കളിസ്ഥലവും നഷ്ടമായി.
പരിശീലനം നടക്കുന്നില്ല
കേരളോത്സവം, ഗ്രാമോത്സവം, ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ മത്സരങ്ങൾ എല്ലാം പരിമിതമായ സൗകര്യങ്ങളിലാണ് നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ കായികതാരങ്ങൾക്ക് മികവുറ്റ പരിശീലനം നൽകാനുള്ള സൗകര്യവും പരിമിതമാണ്. നാളിതുവരെ ചാത്തന്നൂരിലെ കായികതാരങ്ങൾ പങ്കെടുത്തിട്ടുള്ള മത്സരങ്ങളിൽ എല്ലാം മികവാർന്ന വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനും മികവുറ്റ പരിശീലനം ലഭിക്കുന്നതിനും വയലുനട ഗ്രൗണ്ട് വ്യവസായവകുപ്പിൽനിന്ന് ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.