ആശ്വാസമായി അറ്റ്ലസ് രാമചന്ദ്രെൻറ മോചന വാർത്ത
text_fieldsദുബൈ: ജനകോടികളുടെ വിശ്വസ്തത സ്ഥാപനം എന്ന പരസ്യമന്ത്രത്തിലൂടെ ഒാരോ മലയാളിക്കും സുപരിചിതനായിരുന്ന അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ ജയിൽ മോചിതനായെന്ന വാർത്തയെ പ്രവാസി സമൂഹം എതിരേറ്റത് ഏറെ ആഹ്ലാദത്തോടെ. എല്ലാ തകർച്ചയെയും അതിജീവിച്ച് ഫിനിക്സ് പക്ഷിയെേപ്പാലെ താൻ പഴയ നിലയിലേക്ക് കുതിച്ചുയരും എന്ന ശുഭാപ്തി വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
മോചനം സംബന്ധിച്ച ഉപാധികൾ എന്തെല്ലാമെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടു തന്നെ യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ടോ എന്നും കേരളത്തിലേക്ക് പോകുവാനും ചികിത്സ നടത്താനും കഴിയുമോ എന്നും വ്യക്തമല്ല.
ഗൾഫ് മേഖലയിലെ കലാ-സാംസ്കാരിക സംരംഭങ്ങൾക്കും ജീവകാരുണ്യ സംഘടനകൾക്കും മാധ്യമങ്ങൾക്കുമെല്ലാം മികച്ച പിന്തുണ നൽകി വന്നിരുന്ന അറ്റ്ലസ് രാമചന്ദ്രെൻറ സാമ്പത്തിക തകർച്ചയും ജയിൽവാസവും പ്രവാസി വ്യവസായികൾക്കിടയിൽ നടുക്കം സൃഷ്ടിച്ചിരുന്നു. അറ്റ്ലസ് ഗ്രൂപ്പിെനതിരായ കേസിനു പിന്നാലെ വായ്പ നൽകുന്നതിൽ ബാങ്കുകൾ കർശന നിലപാടുകൾ സ്വീകരിച്ചത് മറ്റു നിരവധി സംരംഭകരെയും തകർച്ചയിലെത്തിച്ചു.
രാമചന്ദ്രൻ ജയിലിലായ ശേഷം സഹാനുഭൂതി പ്രകടിപ്പിച്ചെത്തിയ ചിലരും തട്ടിപ്പിനു ശ്രമിച്ചതായി കുടുംബാംഗങ്ങൾ നേരത്തേ ആരോപിച്ചിരുന്നു. ജ്വല്ലറികളിലെ സ്വർണ-വജ്ര ആഭരണങ്ങൾ കിട്ടിയ വിലക്ക് വിറ്റാണ് പല ജീവനക്കാർക്കും ശമ്പള ബാധ്യത നൽകി തീർത്തത്.
എൻ.എം.സി മെഡിക്കൽ ഗ്രുപ്പ് മേധാവി ഡോ. ബി.ആർ. ഷെട്ടി ഒമാനിലെ രണ്ട് ആശുപത്രികൾ ഏറ്റെടുക്കാൻ മുന്നോട്ടു വന്നത് മോചന ശ്രമങ്ങൾക്ക് പുതുജീവൻ പകർന്നു. ഇന്ത്യൻ എംബസിയും വിവിധ വ്യവസായ ഗ്രൂപ്പുകളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും മോചന ശ്രമങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.