നെടുങ്കണ്ടം പാറത്തോട്ടില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് പണം കവരാൻ ശ്രമം
text_fieldsനെടുങ്കണ്ടം: ഇടുക്കി കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ എ.ടി.എം മെഷീന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. പാറത്തോട് ടൗണിലെ സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. പണം മോഷ്ടിക്കാനായിട്ടില്ല.
എ.ടി.എം മെഷീന്റെ മുന്‍ഭാഗം കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാല്‍, പണം നിക്ഷേപിച്ച ലോക്കര്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ പണമെടുക്കാന്‍ എത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. എ.ടി.എം ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന വ്യക്തി ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം നടത്തിപ്പുകാര്‍ പറയുന്നത്. രണ്ടുദിവസം മുമ്പാണ് എ.ടി.എമ്മില്‍ പണം നിറച്ചത്. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അഞ്ചുമാസങ്ങൾക്ക് മുമ്പ് നെടുങ്കണ്ടം ബസ് സ്റ്റാൻ്റ് ജംഗ്ഷ നിലും എ.ടി.എം കൗണ്ടർ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒരാളെ നെടുങ്കണ്ടം പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.