എ.ടി.എം.കവർച്ചക്ക് പിന്നിൽ ഇതര സംസ്ഥാന പ്രഫഷനൽ സംഘമെന്ന് സൂചന
text_fieldsതൃശൂർ: വിവിധ ജില്ലകളിലായി നടന്ന എ.ടി.എം കവര്‍ച്ച ഇതര സംസ്ഥാനക്കാരായ പ്രഫഷനൽ സംഘം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ‘ബിഗ് ഓപറേഷൻ’ ആണെന്ന് വ്യക്തമായി. ഇതേത്തുടർന്ന് നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെയും തമിഴ്‌നാട് പൊലീസിെൻറയും സഹായം തേടി. കോട്ടയത്തും തൃശൂരും നടന്നത് സമാനരീതിയിലുള്ള മോഷണമായതിനാല്‍ ഇരുജില്ലകളിലേയും അന്വേഷണ ഉദ്യോഗസ്ഥര്‍ യോജിച്ച അന്വേഷണമാണ് നടക്കുന്നത്.
ശനിയാഴ്ച രാവിലെയും വൈകീട്ടും അന്വേഷണ സംഘം യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൊരട്ടി കവർച്ചയുടെ അന്വേഷണം ഊർജിതമാക്കിയതായി റൂറല്‍ എസ്.പി എം.കെ.പുഷ്‌കരന്‍ പറഞ്ഞു. കവർച്ച സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.
തൃശൂർ കൊരട്ടിയിലും തൃപ്പൂണിത്തുറ ഇരുമ്പനത്തും നടന്ന കവർച്ചയിൽ 35.60 ലക്ഷമാണ് നഷ്ടമായത്. കോട്ടയം ജില്ലയിലെ വെമ്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിൽ കവർച്ചാശ്രമവും നടന്നിരുന്നു. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ ഏഴുപേരുണ്ടെന്നാണ് വിവരം.
കോട്ടയം മണിപ്പുഴയിൽ നിന്ന് മോഷ്ടിച്ച പച്ചക്കറിസ്ഥാപനത്തിെൻറ പിക്കപ്പ് വാനിലാണ് കവർച്ചക്കാർ എത്തിയത്. വഴിയില്‍ തുടര്‍ച്ചയായി കൂടുതല്‍ എ.ടി.എമ്മുകളില്‍ മോഷണം ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. എ.ടി.എം തകര്‍ത്ത് മോഷണം നടത്തുക ബുദ്ധിമുട്ടാണെങ്കിലും പരിശീലനം നേടിയതിനാല്‍ കുറഞ്ഞ സമയം കൊണ്ടാണ് ഇവര്‍ കൃത്യം നിര്‍വഹിച്ചത്.
അതിനിടെ കവര്‍ച്ചസംഘം ചാലക്കുടി ഗ്രൗണ്ടില്‍ ഉപേക്ഷിച്ച വാഹനത്തിെൻറ 100 മീറ്റര്‍ അകലെ രക്തക്കറ കണ്ടെത്തി. എന്നാൽ കവർച്ചയുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. മോഷണ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ ചാലക്കുടിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് നിഗമനം. പിക്കപ്പ് വാനിലെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കവർച്ചക്കാർ വാഹനം ഉപേക്ഷിച്ച് ചാലക്കുടി റെയിൽേവ സ്റ്റേഷനിലേക്ക് നടന്നു പോയെന്നാണ്, ഡോഗ് സ്‌ക്വാഡ് പരിശോധനയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്തിയ നിഗമനം.
ഇതുവഴി സംഘം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പൊലീസ് നായ മണം പിടിച്ചു നടന്ന ഭാഗത്തെ കാമറ പരിശോധിച്ചതിൽ വേഷം മാറിയ ഏഴ് പേരടങ്ങുന്ന സംഘം നടന്നു പോകുന്ന ദൃശ്യം ലഭിച്ചു. എന്നാല്‍ എ.ടി.എം കൗണ്ടറിലെ കാമറകളില്‍ കണ്ട പ്രതികളുടെ ദൃശ്യങ്ങള്‍, ചാലക്കുടിയില്‍ നടന്നു പോകുന്നവരുടേതുമായി സാദൃശ്യമുണ്ടോയെന്ന് വ്യക്തത വരുത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, കവർച്ചാശ്രമം നടന്ന കോട്ടയത്ത് ലോഡ്ജുകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ് പരിശോധന നടത്തി. മോഷണത്തിെൻറ ആസൂത്രണം കോട്ടയം നഗരത്തിലെ ഏതെങ്കിലും ലോഡ്ജ് കേന്ദ്രീകരിച്ചാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മൂന്നംഗസംഘം നടന്നെത്തി പിക്അപ് വാനുമായി പോകുന്നതാണ് മണിപ്പുഴയിൽ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലുള്ളത്. ഏഴംഗസംഘത്തിലെ മൂന്നുപേർ രണ്ടുദിവസം മുമ്പ് കോട്ടയത്ത് എത്തിയതായും സൂചനകളുണ്ട്.
ട്രെയിനിൽ ഇവർ ജില്ലയിലെത്തിയശേഷം ലോഡ്ജിൽ താമസിച്ചതാണെന്നാണ് സംശയം. റെയിൽവേ സ്റ്റേഷനുകളിലെയും കാമറ ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. ചിങ്ങവനം, പായിപ്പാട് മേഖലകളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും ശനിയാഴ്ച തിരച്ചിൽ നടത്തി.
ഇരുമ്പനത്തെ കവർച്ച അന്വേഷിക്കുന്ന പൊലീസ് സംഘവും ശനിയാഴ്ച കോട്ടയത്തെത്തി, പിക്അപ് വാൻ കവർന്ന മണിപ്പുഴ പാറപ്പള്ളി വേ ബ്രിഡ്ജിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് സമീപത്തെയും എം.സി റോഡിൽ കോടിമതയിലെയും സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. മോഷണശ്രമം നടന്ന മോനിപ്പള്ളി, വെമ്പള്ളി എന്നിവിടങ്ങളിലെ സി.സി ടി.വികളും പൊലീസ് പരിശോധിച്ചുവരികയാണ്. പൊതുജന പങ്കാളിത്തത്തോടെ ഇൗ മേഖലകളിൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത് അന്വേഷണത്തിന് ഗുണകരമായെന്ന് പൊലീസ് പറയുന്നു.
അതേസമയം, മണിപ്പുഴയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽ കവർച്ചസംഘത്തിെൻറ കൈയിൽ ഗ്യാസ് കട്ടറുകൾ കണ്ടെത്താനായിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്തുനിന്ന് ഇത് മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്. ഇത് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വാനിൽനിന്ന് ലഭിച്ച വിരലടയാളവും മോനിപ്പള്ളിയിലെ എ.ടി.എം കൗണ്ടറിൽനിന്ന് ലഭിച്ച വിരലടയാളവും തമ്മിൽ സാമ്യമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.