ഒരു ‘രൂപ’വുമില്ല
text_fields500, 1000 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് തുടരുന്ന ദുരിതം വരും ദിവസങ്ങളില്‍ മൂര്‍ച്ഛിക്കാന്‍ സാധ്യത. ചുരുക്കം എ.ടി.എമ്മുകളേ പ്രവര്‍ത്തിക്കുന്നുള്ളൂ. പഴയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ തിരക്ക് തുടരുകയാണ്. ബാങ്കുകളില്‍ 500 രൂപയുടെ പുതിയ നോട്ട് എത്തിയിട്ടില്ല. ബാങ്കുകള്‍ സ്വന്തമായി പണം നിക്ഷേപിക്കുന്ന എ.ടി.എമ്മുകളാണ് വെള്ളിയാഴ്ച പ്രവര്‍ത്തിച്ചത്. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ സമയമെടുക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും പുതിയ നോട്ടിനും ചില്ലറ നോട്ടുകള്‍ക്കുമുള്ള ആവശ്യക്കാര്‍ ബഹുഭൂരിപക്ഷവും നിരാശരാകേണ്ടി വരുന്ന സ്ഥിതിയാണ്. വ്യാപാര- നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. അവശ്യസാധന വില്‍പന കുത്തനെ ഇടിഞ്ഞു. സിമന്‍റ്-സ്റ്റീല്‍ അടക്കം അസംസ്കൃത വസ്തുക്കളുടെ വില്‍പന പത്ത് ശതമാനത്തില്‍ താഴെയായി.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വെള്ളിയാഴ്ചയും അവതാളത്തിലായി. പണം ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാന്‍ ഇവര്‍ക്കാകുന്നില്ല. പണം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇവിടെ പഴയ നോട്ട് സ്വീകരിക്കുന്നതിന് അനുമതിയുണ്ടെങ്കിലും പുതിയ നോട്ടുകള്‍ നല്‍കാനാവില്ല. ബാങ്കുകളില്‍നിന്ന് പോസ്റ്റ് ഓഫിസിലേക്കും ആവശ്യമായ പണം എത്തുന്നില്ല. ഇത് അവിടെനിന്ന് പഴയ നോട്ട് മാറുന്നതിനെയും ബാധിച്ചു. ട്രഷറി പ്രതിസന്ധിയും തുടരുകയാണ്. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ എ.ടി.എമ്മില്‍ നിറക്കുന്ന പ്രവര്‍ത്തനം തകരാറിലാണ്. 50, 100, 500, 2000 രൂപ നോട്ടുകള്‍ എ.ടി.എമ്മില്‍ നിറക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അതിന് അനുസരിച്ച് എ.ടി.എമ്മിലെ ഗാസ്ക്കറ്റ് മാറ്റം നടക്കണം. സോഫ്ട്വെയറില്‍ മാറ്റം വരുത്തണം. പുതിയ 500 രൂപ നോട്ട് എത്തണം. പുറംകരാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വഹിക്കണം. ഇക്കാര്യങ്ങളിലൊക്കെ തികഞ്ഞ അനിശ്ചിതത്വമാണ്.
കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലും വന്‍ തിരക്കാണ്. മിക്ക ബാങ്കുകളുടെയും സി.ഡി.എമ്മുകളില്‍ പഴയ നോട്ട് നിക്ഷേപിക്കാന്‍ സൗകര്യം നല്‍കിയിട്ടുണ്ട്. പഴയ നോട്ടുകള്‍ക്ക് പകരം ഒരാള്‍ക്ക് നല്‍കുന്നത് 4000 രൂപയെന്നത് കര്‍ശനമാക്കി. ഒരേ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് ഒന്നിലധികം ബാങ്കില്‍നിന്ന് പണം മാറുന്നതും പല തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നടപടി. ഇടപാടുകാരുടെ വിവരം സെര്‍വറില്‍ ചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യമെമ്പാടും ലക്ഷക്കണക്കിന് ഇടപാടുകാര്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുന്ന സാഹചര്യം രൂപപ്പെട്ടതോടെ, അസാധു നോട്ട് പ്രശ്നം സര്‍ക്കാറിനെയും കടുത്ത പ്രതിസന്ധിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.