സംസ്ഥാനത്ത് എ.ടി.എം കവർച്ച പരമ്പര, ഇരുമ്പനത്ത് 25 ലക്ഷവും കൊരട്ടിയില്‍ 10.60 ലക്ഷവുംകവർന്നു
text_fieldsസംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്ച പുലർച്ചക്ക് എ.ടി.എം കവർച്ച പരമ്പര. തൃപ്പൂണിത്തുറ ഇരുമ്പനം പുതിയറോഡ് ജങ്ഷനിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ എസ്.ബി.ഐ എ.ടി.എം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 25 ലക്ഷത്തിലധികം രൂപ കവർന്നു. തൃശൂർ ജില്ലയിലെ കൊരട്ടിയില്‍ ദേശീയപാതയോരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിെൻറ എ.ടി.എം തകര്‍ത്ത് 10.60 ലക്ഷം രൂപ കവര്‍ന്നു. കോട്ടയത്ത് രണ്ടിടത്ത് എ.ടി.എം കവർച്ചശ്രമമുണ്ടായെങ്കിലും പണം നഷ്ടമായിട്ടില്ല. എം.സി റോഡരികിൽ കുറവിലങ്ങാടിന് സമീപം വെമ്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിെൻറയും മോനിപ്പള്ളിയിൽ എസ്.ബി.ഐയുടെയും എ.ടി.എമ്മുകളാണ് തകർക്കാൻ ശ്രമിച്ചത്.
കുറവിലങ്ങാട്, കൊരട്ടി എന്നിവിടങ്ങളിലും ഇരുമ്പനത്തും നടന്ന എ.ടി.എം കവർച്ചകൾക്ക് സമാനസ്വഭാവമുള്ളതായി പൊലീസ് പറഞ്ഞു. നാലിടത്തും സി.സി ടി.വി കാമറകൾ സ്‌പ്രേ പെയിൻറ് അടിച്ച് മറച്ചിരുന്നു. പിക്കപ് വാനിലെത്തിയ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മോഷ്ടാക്കൾ സഞ്ചരിച്ചതായി കരുതുന്ന പിക്കപ് വാഹനം ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇരുമ്പനത്ത് വെള്ളിയാഴ്ച പുലർച്ച 3.24നാണ് സംഭവം. രാവിലെ ബാങ്ക് സൂപ്പർവൈസർമാർ പതിവ് പരിശോധനക്ക് എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്.
എ.ടി.എം കൗണ്ടറിൽ കടന്ന മോഷ്ടാക്കൾ ആദ്യം സി.സി ടി.വി കാമറകൾ സ്‌പ്രേ പെയിൻറ് അടിച്ച് മറച്ചു. തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്ത് ട്രേയിൽ സൂക്ഷിച്ചിരുന്ന പണവുമായി കടക്കുകയായിരുന്നു. കൗണ്ടറിൽനിന്ന് ഒരു ജോടി ഗ്ലൗസ് പൊലീസ് കണ്ടെടുത്തു. 25,05,200 രൂപയാണ് നഷ്ടപ്പെട്ടത്. രണ്ടു വർഷം മുമ്പ് ഇതേ കൗണ്ടറിൽ കവർച്ചശ്രമം നടന്നിരുന്നു. പരിസരത്തെ കാമറയിൽ രണ്ടു പേരുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ബാങ്ക് അധികൃതർ പറയുന്നു.
കൊരട്ടിയിൽ വെള്ളിയാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാര്‍ ബാങ്ക് ശാഖയോട് ചേര്‍ന്ന എ.ടി.എം കൗണ്ടര്‍ ഷട്ടർ താഴ്ത്തിയനിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച ശ്രദ്ധയിൽപെട്ടത്. എ.ടി.എമ്മിെൻറ അടിഭാഗം അറുത്തുമാറ്റിയാണ് പണമെടുത്തത്. ബാങ്കിന് പുറത്ത് സ്ഥാപിച്ച നിരീക്ഷണകാമറയില്‍ പെയിൻറ് സ്‌പ്രേ ചെയ്തശേഷമാണ് കവര്‍ച്ച. ഇതിനിടെ ഒരാളുടെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞു.ഇവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചക്ക് 1.10ന് പണം പിന്‍വലിച്ചിട്ടുണ്ട്. സമീപത്തെ ഹോട്ടൽ പുലര്‍ച്ച രണ്ടു വരെ പ്രവര്‍ത്തിച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. വെളുപ്പിന് നാലു മണിക്കും അഞ്ചിനും ഇടയിലാണ് മോഷണമെന്ന് പൊലീസ് സംശയിക്കുന്നു.
കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കുറുവിലങ്ങാെട്ട കവർച്ചശ്രമം കണ്ടെത്തിയത്. െവള്ളിയാഴ്ച പുലർച്ച 1.10ന് വെമ്പള്ളി കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്കിെൻറ എ.ടി.എം കൗണ്ടറിലായിരുന്നു ആദ്യ മോഷണശ്രമം. കൗണ്ടറിനു മുന്നിലെ കാമറ തകർത്ത നിലയിലാണ്. വയറുകൾ നശിപ്പിക്കുകയും ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്കിെൻറ എറണാകുളത്തെ സെക്യൂരിറ്റി വിഭാഗം നടത്തിയ പതിവ് പരിശോധനയിൽ വെമ്പള്ളിയിലെ കാമറയിൽ ദൃശ്യങ്ങൾ പതിയുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൗണ്ടറിെൻറ ചുമരിൽ ചളിപുരണ്ട കൈപ്പത്തിയുടെ പാടുണ്ട്. യന്ത്രം തകർക്കാൻ ശ്രമിച്ചതിെൻറ സൂചനകളുമില്ല. ഇതിനു പിന്നാലെയാണ് മോനിപ്പള്ളിയിലെ എ.ടി.എം കൗണ്ടറിലും കവർച്ചക്ക് ശ്രമമുണ്ടായത്. ഇവിടത്തെ കാമറയിൽ പുലർച്ച 1.45 മുതലുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. രാവിലെ ബാങ്കിലെത്തിയ മാനേജർ സി.സി ടി.വി കാമറകളുടെ ദൃശ്യം കിട്ടാതെ വന്നതോടെ അന്വേഷണം നടത്തുകയായിരുന്നു. ഇവിടെയും കാമറകൾ തകർത്ത് പെയിൻറ് സ്‌പ്രേ ചെയ്‌തിട്ടുണ്ട്.
വിശദ പരിശോധനയിൽ മോനിപ്പള്ളിയിലെ സി.സി ടി.വി കാമറയിൽനിന്ന് ഉത്തരേന്ത്യക്കാരെന്ന് തോന്നിക്കുന്ന രണ്ട് മോഷ്ടാക്കളുടെയും ഇവർ സഞ്ചരിച്ച വാഹനത്തിെൻറയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂരിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ളവരാണ് ഇതിലുമുള്ളത്. ചാലക്കുടിയിൽ കണ്ടെത്തിയ പറമ്പിൽ വെജിറ്റബ്ൾസ് എന്ന പേരുള്ള വാഹനം കോട്ടയത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് കരുതുന്നു. കൊരട്ടിയിൽ മോഷണം നടത്തിയശേഷം അവിടെനിന്ന് ചാലക്കുടിവരെ വാഹനത്തിൽ വന്നശേഷം ഇത് ഉപേക്ഷിച്ചശേഷം മറ്റ് വാഹനത്തിൽ മോഷ്ടാക്കൾ രക്ഷപ്പെട്ടതാവാനാണ് വഴി. വാഹനത്തെക്കുറിച്ച് കൂടുതൽ വിവരം പൊലീസ് ശേഖരിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.