എ.ടി.എം വിൻഡോ അടഞ്ഞില്ല; മൂത്രമൊഴിച്ച് രോഷം തീർത്ത യുവാവ് പിടിയിൽ
text_fieldsപാലക്കാട്: പണം ലഭിച്ചശേഷം എ.ടി.എം മെഷീെൻറ കാഷ് വിഡ്രോ വിൻഡോ അടയാത്തതിനെത്തുടർന്ന് യുവാവ് രോഷം തീർത്തത് മൂത്രമൊഴിച്ച്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒലവക്കോട് ഗായത്രി ഓഡിറ്റോറിയത്തിന് മുന്നിലെ എ.ടി.എം യന്ത്രമാണ് പാലക്കാട് കരിങ്കരപ്പുള്ളി സ്വദേശി ദിനു (19) ഉപയോഗശൂന്യമാക്കിയത്. പുതുവത്സര ദിനത്തിൽ പുലർച്ചെയാണ് സംഭവം. യന്ത്രം പ്രവർത്തനരഹിതമായതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകമെത്തിയതായി മനസ്സിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനു പിടിയിലായത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂത്രമൊഴിച്ചത് കണ്ടെത്തിയത്. ബാങ്ക് മാനേജർ പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകി. പണം പിൻവലിച്ച വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനെതിരെയാണ് കേസ്. ദിനുവിനെ കോടതിയിൽ ഹാജരാക്കി. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. ശിവശങ്കരൻ, എസ്.ഐ പുരുഷോത്തമൻ പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, എം. മണികണ്ഠൻ, എം. ഷിബു, എം സുനിൽ, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.