എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനുനേരെ അർധരാത്രി സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.35ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്‍ററിന്‍റെ പ്രവേശനകവാടത്തിന് മുന്നിലെ ചുമരിൽ സ്ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ കുന്നുകുഴി ഭാഗത്തേക്ക് രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോൾ സി.പി.എം നേതാവ് പി.കെ.ശ്രീമതി എ.കെ.ജി സെന്‍ററിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും സ്ഥലത്തെത്തി. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു. സെമി കേഡറിന്‍റെ പുതിയ പതിപ്പാണിത്. ഇത്തരത്തിലൂള്ള ഭീകരപ്രവർത്തനം കോൺഗ്രസ് നടത്തിവരികയാണ്.എന്തും ചെയ്യുമെന്ന നിലയിലേക്ക് കോൺഗ്രസ് മാറിയിരിക്കുന്നു. ബാക്കി കാര്യങ്ങളൊക്കെ അന്വേഷണത്തിൽ തെളിയുമെന്നും ജനങ്ങൾ ഇതിനോട് പ്രതികരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എ.കെ.ജി സെന്‍ററിനും മറ്റ് പാർട്ടി കേന്ദ്രങ്ങൾക്കും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.