വൈക്കം സത്യഗ്രഹം: കോൺഗ്രസ് സമ്മേളന നഗരിയിലെ സത്യഗ്രഹികളുടെ രൂപങ്ങൾ തകർത്തു
text_fieldsവൈക്കം: സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിക്കായി സമ്മേളന നഗരിയിൽ സ്ഥാപിച്ച സത്യഗ്രഹികളുടെ രൂപങ്ങൾ സാമൂഹികവിരുദ്ധർ തകർത്തു. ആദ്യ സത്യഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പിള്ള എന്നിവർ തീണ്ടൽപലക മറികടക്കാൻ ശ്രമിക്കുന്ന കലാസൃഷ്ടിയാണ് നശിപ്പിച്ചത്.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇത് ലളിതകല അക്കാദമി മുൻ സെക്രട്ടറി എം.കെ. ഷിബുവാണ് രൂപകൽപന ചെയ്തത്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് തകർത്തതെന്നാണ് കരുതുന്നത്. എം.കെ. ഷിബു അവലോകന യോഗത്തിലെത്തി പ്രതിഷേധം അറിയിച്ചു. തുടർന്ന് ശിൽപങ്ങൾ തകർന്നുകിടന്ന പന്തലിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചു.
മന്ത്രിമാരായ സജി ചെറിയാനും വി.എൻ. വാസവനും സി.കെ. ആശ എം.എൽ.എയും സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ എസ്.പിക്ക് നിർദേശം നൽകിയതായി മന്ത്രിമാർ അറിയിച്ചു.
ബാഹുലേയന്‍റെയും ഗോവിന്ദപ്പണിക്കരുടെയും ശിൽപങ്ങൾ വഴിയോരത്തുനിന്ന് കണ്ടുകിട്ടിയെങ്കിലും കുഞ്ഞാപ്പിയുടെ ശിൽപം കാണാനില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ മോഹൻ ഡി. ബാബു, ബി. അനിൽകുമാർ, അബ്ദുൽ സലാം റാവുത്തർ, അഡ്വ. എ. സനീഷ്കുമാർ, ജോർജ് വർഗീസ് എന്നിവരും സ്ഥലത്തെത്തി.
കലാസൃഷ്ടി തകർത്തതിലൂടെ വൈക്കം സത്യഗ്രഹ ചരിത്രത്തെയും കലയെയുമാണ് അവഹേളിച്ചതെന്നും ഇത് ദുഃഖകരമാണെന്നും എം.കെ. ഷിബു പറഞ്ഞു. വൈക്കത്ത് അഞ്ച് കലാകാരന്മാർ പത്ത് ദിവസമെടുത്ത് നിർമിച്ച ഈ കലാസൃഷ്ടി കേരളത്തിലുടനീളം കെ.പി.സി.സി നടത്തുന്ന സത്യഗ്രഹ ആഘോഷ പരിപാടികളിൽ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നതാണെന്നും എം.കെ. ഷിബു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.