വിമാനത്തിലെ കാബിൻ ക്രൂവിനെ പിടിച്ചുതള്ളി, വാതിൽ തുറക്കാൻ ശ്രമിച്ചു; മലയാളി യാത്രികനെതിരെ കേസ്
text_fieldsമുംബൈ: ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവിനെ പിടിച്ചുതള്ളുകയും പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളി യാത്രികനെതിരെ കേസ്. അബ്ദുൽ മുസവ്വിർ നടുക്കണ്ടി (25) എന്നയാൾക്കെതിരെയാണ് എയർക്രാഫ്റ്റ് നിയമം ലംഘിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ശനിയാഴ്ച രാവിലെ 10.10ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷമായിരുന്നു അതിക്രമം. സീറ്റിൽനിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ പിറകുവശത്തേക്ക് പോയ യാത്രക്കാരനോട് തിരിച്ച് സീറ്റിലേക്ക് മടങ്ങാൻ കാബിൻ ക്രൂ ആവശ്യപ്പെട്ടു. ഇതോടെ അപമര്യാദയായി പെരുമാറിയ യാത്രികൻ കാബിൻ ക്രൂവിനെ പിടിച്ചുതള്ളിയതായി പറയുന്നു. സഹയാത്രികർ ഇടപെട്ടതോടെ അവരോടും തട്ടിക്കയറുകയും വിമാനത്തിന്റെ വാതിൽ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
സുരക്ഷ ഭീഷണിയുയർന്നതോടെ ഉച്ചക്ക് 1.30ഓടെ വിമാനം മുംബൈ വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയും യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിമാനം മണിക്കൂറുകളാണ് വൈകിയത്. ബഹ്റൈനിൽനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരേണ്ട യാത്രക്കാരും ഇതോടെ ദുരിതത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.