കോവിഡ് ബാധിതയുടെ വീട്ടിൽകയറി ഭർത്താവിന്റെ മൂക്കടിച്ചു തകർത്തു, പ്രതികളെ പിടികൂടാതെ പൊലീസ്
text_fieldsതൊടുപുഴ: കാഞ്ഞാറില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടില്‍ കയറി ഭര്‍ത്താവിനെ ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് പ്രതിക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നതായി ആക്ഷേപം.
കാഞ്ഞാര്‍ പറമ്പാത്ത് തങ്കച്ചനെ വീട്ടില്‍ കയറി വടികൊണ്ട് മൂക്കടിച്ച് തകര്‍ത്ത കേസിലെ പ്രതിയും അയല്‍വാസിയുമായ ഭാസ്കരനെതിരെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തതെന്ന് കെ.പി.എം.എസ് ജില്ല ഭാരവാഹികള്‍ ആരോപിച്ചു. ജാതിപ്പേര് വിളിക്കുകയും കൊലപാതകശ്രമം നടത്തുകയും ചെയ്തെങ്കിലും പ്രതിക്ക് എളുപ്പം ജാമ്യം ലഭിച്ചു.
വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി ഉറപ്പുനല്‍കിയിട്ടും, സംഭവം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു നീക്കവുമുണ്ടായിട്ടില്ല. ഇതിനെതിരെ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിനുമുന്നില്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് കെ.പി.എം.എസ് ജില്ല പ്രസിഡൻറ് സി.സി. ശിവന്, യൂനിയന്‍ സെക്രട്ടറി സുരേഷ് കണ്ണന് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 25നാണ് പഞ്ചായത്ത് െതരഞ്ഞെടുപ്പില്‍ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് സംഘടനയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച തങ്കച്ചെൻറ ഭാര്യ ശോഭനക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ, മദ്യപിച്ചെത്തിയ ഭാസ്കരന് കുടുംബം കോവിഡ് പരത്തുകയാണെന്ന് ആക്ഷേപിച്ച് അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
ഇടുക്കി എസ്.പിക്ക് അടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വെള്ളിയാഴ്ച നടക്കുന്ന നിരാഹാരസമരം സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് ഭാരവാഹികളായ എം.കെ. പരമേശ്വരന്, സാജു, പി.ഒ. കുഞ്ഞപ്പന് തുടങ്ങിയവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.