കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനു നേരെ ആക്രമണം; സംഭവം എറണാകുളം നഗരമധ്യത്തിൽവെച്ച്
text_fieldsകൊച്ചി: ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് വരുമ്പോൾ കാർ തടഞ്ഞു നിർത്തി 'ഇത് തമിഴ്നാടല്ല' എന്ന് പറഞ്ഞായിരുന്നു ആക്രമണം.
കണ്ടെയ്നർ ഡ്രൈവറായ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് അക്രമി. പുതുവൈപ്പിലെ ഭാര്യാഗൃഹത്തിലാണ് ഇയാളുടെ താമസം. മദ്യപിച്ച നിലയിലായിരുന്നു ഇയാൾ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് മുന്നിൽ ചാടിയത്. തുടർന്ന് ബഹളം വെക്കുകയും ചീഫ് ജസ്റ്റിസിനെ അടക്കം അസഭ്യം പറയുകയും ചെയ്തു.
സംഭവത്തിൽ ചീഫ് ജസ്റ്റിസിന്റെ ഗൺമാൻ നൽകിയ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ടിജോയെ ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും.
മുളവുകാടുള്ള പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി ഭാര്യയുടെ മൊഴി എടുത്തിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളം വെക്കുന്നയാളാണ് ഇയാളെന്ന് ഭാര്യ മൊഴി നൽകിയതായാണ് വിവരം. ആസൂത്രിതമായ നീക്കമാണെന്ന് പൊലീസ് കരുതുന്നില്ല. ഹൈകോടതിയിലെ കേസുകളുമായി ബന്ധപ്പെട്ടാണോ ആക്രമണമെന്ന് പൊലീസ് സംശയിച്ചിരുന്നെങ്കിലും ഇയാൾക്കെതിരെ അത്തരം കേസുകളൊന്നുമില്ല. പ്രതിയെ ഇപ്പോഴും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
2019 ആഗസ്റ്റ് 30നാണ് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ആയിരുന്ന എസ്. മണികുമാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.