പയ്യന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്
text_fieldsപയ്യന്നൂർ: മുകുന്ദ ആശുപത്രിക്കുസമീപത്തെ ആർ.എസ്.എസ് കാര്യാലയമായ 'രാഷ്ട്ര മന്ദിറി'നുനേരെ ബോംബേറ്. സ്ഫോടനത്തിൽ പുറത്തെ വരാന്തയിലെ ജനൽചില്ലുകളും കസേരകളും തകരുകയും ഇരുമ്പ് ഗ്രില്ലിന്റെ കമ്പി വളയുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം.
ഈ സമയം ഓഫിസ് സെക്രട്ടറി ടി.പി. രഞ്ജിത്തും രണ്ട് പ്രവർത്തകരും കാര്യാലയത്തിനകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തുവരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടതായി ഇവർ പറഞ്ഞു. ബൈക്കിലും കാറിലുമായി എത്തിയവരാണ് ബോംബെറിഞ്ഞതെന്ന് രഞ്ജിത്ത് പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നതായും പരാതിയിൽ ആരോപിച്ചു.
കേസെടുത്ത പൊലീസ്, അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പയ്യന്നൂരിലും പരിസരങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി ഓഫിസുകൾക്കെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.