സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം VIDEO
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിലടക്കം സംഘ്പരിവാറിനെതിരെ ആശയപോരാട്ടം നടത്തുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണം. രണ്ട് കാറും ഒരു സ്കൂട്ടറും കത്തിച്ച അക്രമികൾ ആശ്രമത്തിന് പുറത്ത് റീത്തുംവെച്ചു. റീത്തിൽ സ്വാമിയെ പരിഹസിച്ച് ഒരു പേരെഴുതി, സൂചന മാത്രമാണെന്ന മുന്നറിയിപ്പും നൽകി. ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി. സംഭവം നടക്കുമ്പോൾ സന്ദീപാനന്ദഗിരി മുകളിലെ നിലയിലായിരുന്നു. അദ്ദേഹത്തെ കൂടാതെ 82 വയസ്സുള്ള അന്തേവാസിയുമുണ്ടായിരുന്നു.
കുണ്ടമൺ കടവിൽ കരമനയാറിെൻറ തീരത്തുള്ള ആശ്രമത്തിനുനേരേ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. തീയും പുകയും കണ്ട അയൽവാസികളാണ് ആദ്യം ഓടിയെത്തിയത്. അഗ്നിശമന സേന തീയണച്ചു. അക്രമികളെ തിരിച്ചറിയാനായില്ല. ആശ്രമത്തിലെ സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നില്ല. കുണ്ടമൺകടവ് ദേവി ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പുലർച്ചെ 2.54ന് യുവാവ് ഓടുന്ന ദ്യശ്യമുണ്ടെങ്കിലും ഇയാൾ അഗ്നിശമനസേനയുടെ വഴികാട്ടിയാണെന്ന് പിന്നീട് വ്യക്തമായി.
അക്രമത്തിൽ വ്യാപക പ്രതിഷേധമുയർന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, കെ.പി.സി.സി അധ്യക്ഷൻ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ആശ്രമത്തിലെത്തി. പൊലീസ് ഉൗർജിത അന്വേഷണം തുടങ്ങി. അയൽവാസികളിൽനിന്ന് മൊഴിയെടുത്തു. കഴിഞ്ഞ ഞായറാഴ്ച ആശ്രമത്തിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്ന് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തെയും സുപ്രീംകോടതി വിധിയെയും പിന്തുണച്ച് രംഗത്തെത്തിയ സന്ദീപാനന്ദഗിരിക്കെതിരെ സംഘ്പരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ വിശ്വാസവും ദർശനവും അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിെൻറ വ്യാഖ്യാനങ്ങൾ സംഘ്പരിവാറിനെ വിറളി പിടിപ്പിച്ചിരുന്നു. നേരത്തെയും സ്വാമിക്കെതിരെ കൈയേറ്റശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ, ആശ്രമത്തിനെതിരെ ആക്രമണം ആദ്യമാണ്. സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം, ഗൂഢാലോചനയുണ്ട് -സ്വാമി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ആശ്രമം കത്തിച്ച‌് തന്നെ വകവരുത്താനുള്ള ശ്രമത്തിനു പിന്നിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ‌്. ശ്രീധരൻപിള്ളയുടെയും താഴമൺ തന്ത്രികുടുംബം, പന്തളം രാജകൊട്ടാരം എന്നിവയുടെയും ഗൂഢാലോചനയും ആഹ്വാനവുമാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഭീഷണിപ്പെടുത്തിയിട്ടും നിശ്ശബ്ദനാക്കാനാവാതെ വന്നപ്പോൾ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. അഗ്നിശമനസേന എത്തിയതിനാലാണ് അപകടം ഒഴിവായത‌്. ശബരിമലയുടെ പേരിൽ കേരളത്തെ കത്തിക്കുകയെന്ന പരസ്യമായ ആഹ്വാനവും അവർ നടത്തി. വിശ്വാസികൾക്ക് ശരിയായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന താനാണ് കുഴപ്പക്കാരനെന്ന തിരിച്ചറിവാണ് ആക്രമണത്തിന് പ്രേരകമായത്. ശ്രീധരൻപിള്ള ക്രിമിനൽ അഭിഭാഷകൻ എന്നനിലയിൽ അക്രമത്തിന‌് ആഹ്വാനം ചെയ്യുകയായിരുന്നു. നിങ്ങൾ അക്രമം നടത്തിയാൽ ക്രിമിനൽ അഭിഭാഷകനായ താൻ സംരക്ഷിച്ചുകൊള്ളാം എന്നതായിരുന്നു ശ്രീധരൻപിള്ളയുടെ ആഹ്വാനം. കലാപത്തിന‌് ധനം സമാഹരിക്കുന്നത‌് കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് രാഹുൽ ഇൗശ്വർ ആണ‌്. ആക്രമികളെ കേസിൽനിന്ന‌് രക്ഷിക്കാനാണ‌് രാഹുൽ ഇൗശ്വർ ശ്രമിക്കുന്നത‌്.
താന്ത്രികമോ ധാർമികമോ യുക്തിയോ ഇല്ലാത്ത വാദം ഉയർത്തി പന്തളം കൊട്ടാരം കുടുംബാംഗങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ‌്. ആശ്രമം തീയിട്ടാൽ യഥാർഥ സന്യാസിയെ ഭയപ്പെടുത്താൻ സാധിക്കില്ല. സന്യാസി സർവസംഗപരിത്യാഗിയാണ‌്. ഇത്തരത്തിെല യഥാർഥ സന്യാസിയെ ആക്രമണകാരികൾക്ക‌് അധികം പരിചയം കാണില്ല. അവർക്ക‌് പലതരം വിൽപന നടത്തുന്ന സന്യാസിമാരെയാണ‌് പരിചയം. അക്രമികൾ പൂർവാശ്രമത്തിലെ പേര‌് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ, പൂർവാശ്രമത്തിലെ പേര‌് തുളസീദാസ‌് എന്നാണ‌്. പി.കെ. ഷിബു എന്നാണ‌് ആക്രമികൾ വിളിക്കുന്നത‌് . തന്നെ ഭയപ്പെടുത്തുക എന്നതിലുപരി കേരളത്തെ ഭയപ്പെടുത്തുക എന്നതായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരലടയാളം ലഭിച്ചില്ല; ഫോറൻസിക‌് സംഘം തെളിവ‌് ശേഖരിച്ചു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിന‌് തീയിട്ട സ്ഥലത്ത‌് വിരലടയാള വിദഗ‌്ധരെത്തിയെങ്കിലും തെളിവ‌് ലഭിച്ചില്ല. പെട്രോൾ വാഹനങ്ങൾ കത്തി ഉയർന്ന പുകയും കരിയും പരിസരമാകെ മൂടിയതിനാൽ വിരലടയാളം ലഭ്യമാകില്ലെന്ന‌് സ്ഥലത്ത‌് പരിശോധന നടത്തിയ ഫിംഗർ പ്രിൻറ് വിദഗ‌്ധ ബി. പ്രിയ പറഞ്ഞു. അതേസമയം ഫോറൻസിക‌് വിദഗ‌്ധരെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട‌്. ഫോറൻസിക‌് ജോയൻറ് ഡയറക്ടർ എസ‌്.പി. സുനിൽ, അസിസ‌്റ്റൻഡ‌് ഡയറക്ടർ ദിവ്യപ്രഭ എന്നിവരുടെ നേതൃത്വത്തിലാണ് ഫോറൻസിക‌് വിദഗ‌്ധർ തെളിവുകൾ ശേഖരിച്ചത്. ഡോഗ് സ‌്ക്വാഡും പരിശോധന നടത്തി. ആശ്രമത്തിലെ സി.സി.ടി.വികൾ ഇടിവെട്ടി നശിച്ചതിനാൽ നന്നാക്കാൻ നൽകിയിരിക്കുകയായിരുന്നു. കൂടുതൽ പുതിയ സി.സി ടി.വികൾ െവക്കാൻ ആലോചന നടക്കുന്നതിനിടെയാണ‌് അക്രമം. കഴിഞ്ഞ പ്രളയത്തിൽ മരം വീണ‌് ഗേറ്റ‌് തകർന്നിരുന്നു. ആശ്രമത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവ പൂർത്തിയായശേഷം ഗേറ്റ‌് പുനർനിർമിക്കാമെന്ന തീരുമാനത്തിലായിരുന്നു. ഗേറ്റ‌് ഇല്ലാത്തതിനാൽ അക്രമികൾക്ക‌് നടന്ന‌് മുറ്റത്തെത്താൻ കൂടുതൽ എളുപ്പമായി.
സ്വാമിക്ക് രണ്ടെണ്ണം കിട്ടണമെന്ന് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിക്ക് രണ്ടെണ്ണം കിട്ടണമെന്ന് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ പ്രചാരണം. ആശ്രമം ശനിയാഴ്ച രാവിലെ ആക്രമികള്‍ തീയിട്ട് നശിപ്പിച്ചത് സംഘ്പരിവാറുകാരാണെന്ന് സ്വാമി ആരോപിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ആക്രമണം ശക്തമാക്കിയത്.
‘കാവി വേഷം ഉടുത്ത് ജനങ്ങളെ പറ്റിച്ച് സമൂഹത്തിന് ഒരു പ്രയോജനവുമില്ലാതെ വിഷയം മാത്രം നോക്കി നടക്കുന്ന എല്ലാ സ്വാമിമാർക്കും ഇതൊരു പാഠമാകട്ടെ. സന്ദീപാനന്ദഗിരിക്ക് ഇഷ്ടം പോലെ കിട്ടീട്ടുള്ളതാ. പക്ഷേ, ഉളിപ്പില്ലാത്തോനാ. അപാരം തൊലിക്കട്ടി ഉള്ളതുകൊണ്ട് പണിയെടുക്കാതെ ആളുകളെ പറ്റിച്ചു തിന്നുന്നു.’, ‘സന്ദീപേ ഡാ, നീ കാവി ഊരി വെച്ചിട്ട് എന്തുവേണമെങ്കിലും പറഞ്ഞോ. ഒരു കുഴപ്പവുമില്ല ആർക്കും. കാവി ധരിച്ചിട്ട് ഹിന്ദുവിനെ ചൊറിയാൻ വന്നാൽ പിന്നെ ഹിന്ദു കേറിമാന്തും. അപ്പോൾപിന്നെ വെറുതെ മോങ്ങിക്കൊണ്ടുവരരുത്. അതുകൊണ്ട് വിപ്ലവ ചാമി കാവി ഉപേക്ഷിച്ച് എന്തുവേണമെങ്കിലും പറഞ്ഞോ.’ ഇത്തരത്തിലുള്ള വാചകങ്ങളാണ് സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളിലൂടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
സ്വാമി അഗ്നിവേശിനെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. അഗ്നിവേശിനെ മര്‍ദിച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് കേരളത്തിലെ സംഘ്പരിവാര്‍ അനുകൂലികളാണ് സന്ദീപാനന്ദഗിരിക്കും രണ്ടെണ്ണം കിട്ടണമെന്നും ആക്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നത്.
തലേന്നും സ്വാമി സംസാരിച്ചത് സംഘ്പരിവാറിനെതിരെ
തിരുവനന്തപരം: ആശ്രമത്തിൽ ആക്രമണം നടന്നതിെൻറ തലേന്ന്, വെള്ളിയാഴ്ച പ്രസ്ക്ലബിലെ പുസ്തക പ്രകാശന ചടങ്ങിലും സ്വാമി സന്ദീപാനന്ദഗിരി സംസാരിച്ചത് സംഘ്പരിവാറിനെതിരെ. കൃഷ്ണനെ സംഘ്പരിവാർ ഉപയോഗിക്കുന്നതിരെയായിരുന്നു വിമർശനം. പ്രഭാവർമയുടെ ‘ശ്യാമ മാധവ’ത്തെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരം എ.കെ. സാനുവിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. അതിനുശേഷം ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് രാത്രി 8.30നാണ് ആശ്രമത്തിൽ മടങ്ങിയെത്തിയത്. ഈസമയം, അന്തേവാസി ക്ലാര മാത്രമാണുണ്ടായിരുന്നത്. രാത്രി മോഹനൻ എന്ന സെക്യൂരിറ്റിക്കാരനെ കാവലിന് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച ടാങ്കിൽ വെള്ളം നിറയ്ക്കാത്തതിന് സ്വാമി ശകാരിച്ചതിനെതുടർന്ന് വെള്ളിയാഴ്ച മുതൽ ജോലിക്കെത്തില്ലെന്ന് ഇയാൾ അറിയിച്ചിരുന്നു.
ആശ്രമത്തിന് സമീപം ഔട്ട്ഹൗസിൽ രാജമ്മ എന്ന അന്തേവാസിയും സി.എക്ക് പഠിക്കുന്ന അനുഷയുമാണ് താമസം. പുലർച്ചെ 2.30ന് തീയും പുകയും കണ്ട അയൽക്കാരിലൊരാളായ ബീന അനുഷയെ ഫോണിൽ വിവരമറിയിച്ചു. അനുഷ സ്വാമിയെ വിളിച്ചുണർത്തി. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർെന്നത്തിയ പൊലീസും അഗ്നിശമനസേനയും തീ കെടുത്തി. രണ്ട് കാർ പൂർണമായും സ്കൂട്ടർ ഭാഗികമായും കത്തിനശിച്ചു. ആശ്രമം വക സ്കൂളിെൻറ ബസ് ഉണ്ടായിരുെന്നങ്കിലും അതിലേക്ക് തീ പടർന്നില്ല. ഫോറൻസിക് ഓഫിസർ സബീനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
സ്വാമി സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണം അപലപനീയം -ലീഗ്
കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിക്ക് എതിരായ സംഘ്പരിവാര്‍ ആക്രമണം അപലപനീയവും ഒറ്റക്കെട്ടായി ചെറുേക്കണ്ട തിന്മയുമാണെന്ന് മുസ്ലിം ലീഗ്. കേരളത്തെ സംഘര്‍ഷഭൂമിയാക്കി മുതലെടുക്കാനുള്ള സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണിതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് കേരളത്തില്‍ സി.പി.എമ്മുമായി രഹസ്യബാന്ധവത്തിലാണവർ. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനും ഭരണപരാജയങ്ങള്‍ മറച്ചുവെക്കാനും പരസ്പരണ ധാരണയോടെ നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കുകയാണ്. സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണവും ആശ്രമം തീവെപ്പും ആസൂത്രിതമാണ്.
നിഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ അക്രമണോത്സുകത കേരളത്തിെൻറ മണ്ണില്‍ വിലപ്പോവില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വേദിയിലേക്കും സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസിലേക്കും ബോംബെറിഞ്ഞ പ്രതികളെ പിടികൂടാന്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പിണറായി സര്‍ക്കാറിന് ആയിട്ടില്ല. ഇതേ വഴിക്കാണ് സ്വാമി സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണ കേസും കൈകാര്യം ചെയ്യുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ.പി.എ. മജീദ് മുന്നറിയിപ്പ് നല്‍കി.
സന്ദീപാനന്ദഗിരിക്ക് നേരെയുള്ള ആക്രമണം: സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു
തൃശൂർ: ഭഗവദ്ഗീത പ്രഭാഷകനും സ്കൂൾ ഓഫ് ഭഗവദ്ഗീത സ്ഥാപകനുമായ സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു. സ്വതന്ത്ര ചിന്തക്കും അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കൈയേറ്റമാണിതെന്ന് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സമീപകാലത്തായി ഇന്ത്യയിൽ പലയിടങ്ങളിലും എഴുത്തുകാർക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തിെൻറ തുടർച്ചയായി വേണം ഇതിനെ കാണാൻ. വിയോജിപ്പുള്ളവർക്ക് ആശയം കൊണ്ട് മറുപടി പറയാവുന്നതാണ്. അതിന് നിവൃത്തിയില്ലാത്തവരാണ് ആക്രമണത്തിെൻറ പാത സ്വീകരിക്കുന്നത്. ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ മലയാളികൾ മുന്നോട്ട് വരണമെന്ന് സച്ചിദാനന്ദൻ, എം. മുകുന്ദൻ, സക്കറിയ, ഷാജി എൻ. കരുൺ, കമൽ, യു.എ. ഖാദർ, ലെനിൻ രാജേന്ദ്രൻ, കെ.ഇ.എൻ, പ്രഭാവർമ, സുനിൽ പി. ഇളയിടം, ചന്ദ്രമതി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.