ആരോഗ്യപ്രവർത്തകരെ ആക്രമിക്കൽ: കർശന നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണം ചെറുക്കാൻ കർശന നടപടി വേണമെന്ന് ഹൈകോടതി. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ മാത്രമേ കോവിഡിനെ നേരിടാനാവൂെവന്ന അവസ്ഥ നിലനിൽക്കുന്ന ഇക്കാലത്തും മദ്യപിച്ചും മറ്റും ആശുപത്രിയിലെത്തുന്നവർ വനിത ഡോക്ടർമാരെപോലും ആക്രമിക്കുന്ന പ്രവണത തടയേണ്ടതാണെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി അസോസിയേഷനടക്കം നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ചെറിയ പ്രശ്നങ്ങളുടെ പേരിൽപോലും ഡോക്ടർമാരെയടക്കം ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുേമ്പാഴും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും നടപടികളുണ്ടാകുന്നില്ലെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ വിശദീകരണത്തിന് സർക്കാർ സമയം തേടിയപ്പോഴാണ് ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരായ അക്രമത്തിനെതിരെ കർശന നടപടിക്ക് കോടതി നിർദേശിച്ചത്. കോവിഡ് ബാധിതരുടെ ചികിത്സ നിരക്ക് ഒരു സ്വകാര്യ ആശുപത്രി പാലിക്കാത്തത് ശ്രദ്ധയിൽപെട്ടതായി തുടർന്ന് കോടതി ചൂണ്ടിക്കാട്ടി.
തെറ്റായ സന്ദേശം നൽകുന്ന നടപടിയാണിത്. പരിഹാരമുണ്ടായില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇക്കാര്യം ആശുപത്രിയെ അറിയിക്കാൻ സ്വകാര്യ ആശുപത്രികളുടെ അസോസിയഷന് നിർദേശം നൽകി. ചികിത്സ നിരക്ക് നിശ്ചയിച്ച് മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് തുടരുമെന്ന് അറിയിച്ച കോടതി ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.