തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തിന് നേരെ ആക്രമണം -VIDEO
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഓഫിസായ തിരുവനന്തപുരത്തെ ഇന്ദിരഭവന് നേരെ ആക്രമണം. സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ഓഫിസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സും കൊടിതോരണങ്ങളും തകർത്തു. കല്ലേറിൽ ഓഫിസിന്‍റെ ചില്ലുകളും മുന്നിൽ നിർത്തിയിട്ടിരുന്ന കാറും തകർന്നു. ആക്രമണം നടക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ. ആന്‍റണി ഉൾപ്പെടെയുള്ളവർ ഓഫിസിലുണ്ടായിരുന്നു.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷയേർപ്പെടുത്തി. സംഘടിതമായ ആക്രമണമാണ് കോൺഗ്രസ് ഓഫിസുകൾക്കെതിരെയുണ്ടാകുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. ഇന്ദിരഭവന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് കരിദിനമാചരിക്കുമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇടത് സംഘടനകൾ പ്രകടനം നടത്തുകയാണ്. അടൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.
വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയത് ഭീകര പ്രവർത്തനമെന്ന് ഡി.വൈ.എഫ്.ഐ
വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഭീകര പ്രവർത്തനമെന്ന് ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ലീഗ് - ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങൾ ഇന്ന് അതിന്റെ സർവ്വ സീമയും ലംഘിച്ചിരിക്കുകയാണ്. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയിൽ മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് കൺവീനർക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്.
വിമാനത്തിനകത്ത് വച്ച് അസ്വഭാവികമായ ഏത് പ്രവർത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവർക്ക് ആജീവനാന്ത യാത്രാ ബാൻ അടക്കം എവിയേഷൻ വകുപ്പ് നൽകുന്നത്. മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കൺവീനർക്കും നേരെ വിമാനത്തിൽ വച്ച് നടന്ന അക്രമ ശ്രമവും സുരക്ഷാ വീഴ്ച്ചയും കേന്ദ്ര ഏവിയേഷൻ മന്ത്രാലയും കേന്ദ്ര സർക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകര പ്രവർത്തനം കണ്ടു നിൽക്കില്ലെന്നും, ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.