നിയമ വിദ്യാർഥിനിക്ക് മർദനം: പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിന്റെ മുൻകൂർ ജാമ്യ ഹരജി തള്ളി
text_fieldsകൊച്ചി: നിയമവിദ്യാർഥിനിയെ മർദിച്ച കേസിലെ പ്രതികളായ നാലുപേർക്ക് ഹൈകോടതി മുൻകൂർ ജാമ്യം നൽകി. അതേസമയം, ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി ജസ്റ്റിസ് സി.എസ്. ഡയസ് തള്ളി. കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസിലാണ് ഒന്നാം പ്രതിയും ഇതേ കോളജിലെ വിദ്യാർഥിയും ഡി.വൈ.എഫ്.ഐ നേതാവുമായ ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യഹരജി തള്ളിയത്. രണ്ടുമുതൽ അഞ്ചുവരെ പ്രതികളായ ജെറോം തോമസ്, അതുൽ കൃഷ്ണ, ആദിത്യ ശങ്കർ, എസ്. അബ്ദുൽ മാലിക് എന്നിവർക്കാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഡിസംബർ 20ന് പകൽ ഒന്നിന് സുഹൃത്തിനോടൊപ്പം ക്ലാസിൽനിന്ന് പുറത്തേക്കുവന്ന വിദ്യാർഥിനിയെ ഒന്നാം പ്രതി മർദിച്ചെന്നാണ് കേസ്. രണ്ട് മുതൽ അഞ്ചുവരെയുള്ള പ്രതികൾ മർദനത്തിന് സഹായിച്ചെന്നും പരാതിയിലുണ്ടായിരുന്നു. മുഖ്യ ആരോപണങ്ങൾ ഒന്നാം പ്രതിക്കെതിരെയാണെന്നും ഇയാൾ അതിക്രമം കാട്ടുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തശേഷമാണ് മറ്റ് പ്രതികൾ എത്തിയതെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ജെയ്സൺ ജോസഫിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണം എന്നീ ഉപാധികളോടെയാണ് നാലുപേർക്ക് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.