മധ്യവയസ്കനെ ആക്രമിച്ച സംഭവം: മരുമകളും കാമുകനും അസ്റ്റിൽ
text_fieldsചാരുംമൂട്: മധ്യവയസ്കനെ അജ്ഞാതൻ അക്രമിച്ച സംഭവത്തിൽ മരുമകളും കാമുകനും അസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നൂറനാട് പുതുപ്പള്ളികുന്നം പാറപ്പുറത്ത് വടക്കതിൽ വിപിൻ (29), രാജുവിന്റെ മരുമകൾ ശ്രീലക്ഷമി (24) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നവംബർ 29ന് രാത്രി 11.30ഓടെ വീടിന് സമീപത്തുവെച്ചാണ് ആക്രമിച്ചത്. തലക്കും ശരീരത്തും ഗുരുതര പരിക്കേറ്റ രാജു മാവേലിക്കര ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ, തന്നെ ആരാണ് മർദിച്ചതെന്നും എന്തിനാണ് ആക്രമിച്ചതെന്നും രാജുവിന് അറിയില്ലായിരുന്നു. പരാതി ലഭിച്ചതോടെ നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.
സംഭവദിവസം കുട്ടിയെ വേണ്ടവിധം പരിചരിക്കാത്തതിന്റെ പേരിൽ രാജു മരുമകളായ ശ്രീലക്ഷ്മിയെ ശാസിച്ചത് വഴക്കിൽ കലാശിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്നുള്ള അന്വേഷണത്തിൽ ശ്രീലക്ഷ്മിക്ക് സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്.
അന്നേദിവസം രാജുവുമായി വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി കാമുകനായ വിപിനോട് പറയുകയും ഇവരുടെ പ്രേരണയാൽ വിപിൻ അക്രമം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇയാളുടെ സ്കൂട്ടറും കമ്പിവടിയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ നിതീഷ് ജൂനിയർ, എസ്.ഐ ദീപു പിള്ള, എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ കലേഷ്, വിഷ്ണു, രഞ്ജിത്, പ്രസന്ന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.