പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; സ്ക്വാഡംഗത്തിന്റെ കാലിന് ഗുരുതരപരിക്ക് -VIDEO
text_fieldsകുന്ദമംഗലം (കോഴിക്കോട്): നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാർക്കുനേരെ പ്രതിയുടെ നേതൃത്വത്തിൽ പരാക്രമം. ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ മുട്ടുകാലിന് ഗുരുതരമായി പരിക്കേറ്റു.
കഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33)വിനെ പിടിക്കാനെത്തിയപ്പോഴാണ് സിനിമാസ്റ്റൈൽ സംഭവങ്ങൾ അരങ്ങേറിയത്. ഡെൻസാഫ് സ്ക്വാഡ് അംഗം ജോമോന്‍റെ കാലിന്‍റെ മുട്ടിനാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുനോജ്, അർജ്ജുൻ, സായൂജ്, ജിനീഷ്, മിഥുൻ എന്നിവരാണ് പരിക്കേറ്റ മറ്റ് സ്ക്വാഡ് അംഗങ്ങൾ. മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്ന് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പട്ടാപ്പകലാണ് സംഭവം. ഏരിമലയിലുള്ള കല്യാണവീട്ടിൽ പ്രതി വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ടിങ്കു ഈ വീട്ടിലേക്ക് വരുന്ന വഴിയേ പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിടിക്കാൻ ശ്രമിച്ച പൊലീസിനെ പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു.
കീഴ്പെടുത്തി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി ഇവിടെ നിന്ന് ഇറങ്ങി ഓടി റോഡിൽ നിർത്തിയിട്ട വാഹനത്തിന്‍റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നടുറോഡിൽ നിർത്തിയിട്ട വാഹനത്തിനുമുകളിൽ കയറിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. മെഡിക്കൽ കോളജ് എ.സ്.ഐമാരായ രമേഷ് കുമാറിന്‍റെയും ദീപ്തി വി.വിയുടെയും നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്നാണ് ഇവിടെനിന്ന് പ്രതിയെ പിടികൂടിയത്.
ഈ വർഷം ജൂൺ ഒന്നിന് ഉച്ചക്ക് ചേവായൂരിലെ പ്രസേന്റഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ യുവതിയെ ആക്രമിച്ച് ദേഹത്തുണ്ടായിരുന്ന ഒമ്പത് പവൻ സ്വർണം കവർന്ന കേസിലും ഫെബ്രുവരി 10ന് മെഡിക്കൽ കോളജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി യുവതികളെ ആക്രമിച്ച് 13 പവൻ സ്വർണ്ണവും മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്‍റെ ആധാരവും കവർന്ന കേസിലും പ്രതിയാണ് ടിങ്കു.
2016 ൽ പത്ത് കിലോ കഞ്ചാവുമായി ഫറോക്ക് പൊലീസും 2018 ൽ അഞ്ച് കിലോയോളം കഞ്ചാവുമായി കുന്ദമംഗലം പൊലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും പിടിച്ചുപറി കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പോലീസിന്‍റെ പിടിയിൽ നിന്നും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സജി എം, എസ്.സി.പി.ഒമാരായ കെ. അഖിലേഷ്, കെ എ ജോമോൻ, സി.പി.ഒമാരായ എം. ജീനേഷ്, എം. മിഥുൻ, അർജുൻ അജിത്ത്, സുനോജ്, സായൂജ് പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.