സ്ത്രീയെ ശല്യം ചെയ്യുന്നത് അന്വേഷിക്കാനെത്തിയ പൊലീസിനുനേർക്ക് ആക്രമണം; സിവിൽ പൊലീസ് ഓഫിസർക്ക് പരിക്ക്, അഞ്ചംഗ സംഘം പിടിയിൽ
text_fieldsതിരുവല്ല: കടപ്ര പനച്ചിമൂട്ടിൽ സ്ത്രീയെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനുനേരെ നടന്ന ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫിസർക്ക് പരിക്ക്. സംഭവത്തിൽ അഞ്ചംഗ സംഘം പുളിക്കീഴ് പൊലീസ് പിടിയിലായി. പനച്ചിമൂട്ടിൽ അരുണാപുരം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ സിവിൽ പൊലീസ് ഓഫിസർ കെ.എം. അനിൽ കുമാറിനാണ് പരിക്കേറ്റത്.
പനച്ചിമൂട്ടിൽ അരുണാപുരം അരയത്തുപറമ്പിൽ ശ്രീനാഥ് ( 29), കോഴിക്കോട് തോമ്പരമന്നം അറക്കടയിൽ വീട്ടിൽ പ്രിൻസ് ( 28 ), വളഞ്ഞവട്ടം നാമത്തറ വീട്ടിൽ അലക്സ് (30 ), നിരണം ഐക്കാട്ടുപറമ്പിൽ റോബിൻ ( 32), നിരണം മഠത്തിൽ വടക്കേതിൽ പ്രശാന്ത് (33 ) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ശ്രീനാഥ് നിരന്തരമായി ഉപദ്രവിക്കുന്നതായും അസഭ്യം പറയുന്നതായും കാട്ടി അരുണാപുരം സ്വദേശിനി നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ മൂന്നംഗ പൊലീസ് സംഘത്തിന് നേർക്കായിരുന്നു ആക്രമണം. പൊലീസുകാരെ ലഹരിക്കടിപ്പെട്ട അഞ്ച് അംഗസംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ കീഴ്പെടുത്തി.
ആക്രമണത്തിൽ പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിടിയിലായ ശ്രീനാഥ്, അലക്സ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.