ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയണം -ഹൈകോടതി
text_fieldsകൊച്ചി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കാതിരിക്കാൻ കർമപദ്ധതി തയാറാക്കണമെന്ന് ഹൈകോടതി. നീണ്ടകര താലൂക്ക് ആശുപത്രിയിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. അക്രമം നടന്നിട്ട് അന്വേഷണം നടത്തുന്നതിനേക്കാൾ സംഭവം ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിച്ചത്.
ആശുപത്രികൾക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ 2021 സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. നീണ്ടകര ആശുപത്രിയിലടക്കം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനും ആക്രമിക്കപ്പെട്ടു.സർക്കാർ - സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ - പാരാമെഡിക്കൽ ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് ഐ.എം.എയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ കർശന ശിക്ഷ വ്യവസ്ഥകളുണ്ട്.എന്നാൽ, നീണ്ടകരയിലെ ആക്രമണം ഇതുമാത്രം പോരെന്നാണ് സൂചന നൽകുന്നതെന്ന് ഹൈകോടതി വ്യക്തമാക്കി.ആശുപത്രികളിൽ എത്ര സുരക്ഷ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്, എത്ര പൊലീസ് എയ്‌ഡ് പോസ്റ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയിക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഹരജി ജൂലൈ 22ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.