മാനവീയം വീഥിയിൽ വീണ്ടും ഏറ്റുമുട്ടൽ; യുവാവിന് വെട്ടേറ്റു
text_fieldsതിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു. കഴുത്തിന് വെട്ടേറ്റ കാര്യവട്ടം അയ്യപ്പൻസ്വാമി ക്ഷേത്രത്തിന് സമീപം സർഗത്തിൽ ധനു കൃഷ്ണയെ (32) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവത്തിൽ തിരുമല അണ്ണൂർ മഠം ലെയ്ൻ സങ്കീർത്തനം വീട്ടിൽ വാടകക്ക് താമസിക്കുന്ന ഷെമീർ (23), മലയിൻകീഴ് സ്വദേശി അഖിൽ (22) എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന 17കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ പൊലീസ് ഹാജരാക്കി.
വെള്ളിയാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം. മാനവീയംവീഥിയിൽ റീൽസ് ചിത്രീകരിക്കുന്നതിനാണ് കാര്യവട്ടം സ്വദേശിയായ ഗോകുൽ ശേഖറും (29) ഇയാളുടെ ജ്യേഷ്ഠൻ ധനു കൃഷ്ണനും സുഹൃത്തും ചെമ്പഴന്തി സ്വദേശിയുമായ നിധിൻ, ഇയാളുടെ സഹോദരി എന്നിവർക്കൊപ്പം മാനവീയംവീഥിയിലെത്തിയത്. റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ മദ്യലഹരിയിലായിരുന്ന ഷെമീർ, അഖിൽ, ഇവർക്കൊപ്പമുണ്ടായിരുന്ന 17കാരി എന്നിവർ ഇവരെ അസഭ്യം പറയുകയും തുടർന്ന് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
ചോദ്യം ചെയ്ത ഗോകുൽ ശേഖറിനെ ഷമീർ വെട്ടുകത്തികൊണ്ട് ചുമലിൽ ഇടിക്കുകയും തടയാൻ ശ്രമിച്ച സഹോദരൻ ധനുകൃഷ്ണയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു. മാനവീയം വീഥിയിൽ പൊലീസ് ഉണ്ടായിരുന്നെങ്കിലും അതിന് നേരെ എതിർവശത്തായിരുന്നു സംഭവം. പൊലീസ് എത്തിയതോടെ പ്രതികൾ ഓടി. ഷെമീറിനെയും 17കാരിയെയും സ്ഥലത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
അഖിൽ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
മാനവീയം വീഥിയിൽനിന്ന് കുടുംബങ്ങൾ അകലുന്നു
തിരുവനന്തപുരം: നിരന്തരസംഘര്ഷത്തെതുടര്ന്ന് മാനവീയം വീഥിയിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പൊലീസ് നടപടികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ തെളിവാണ് വെള്ളിയാഴ്ച പുലര്‍ച്ചയുണ്ടായ സംഘര്‍ഷം.
പൊലീസ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ലഹരിസംഘങ്ങൾ വീണ്ടും മാനവീയം വീഥി താവളമാക്കി. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സി.സി.ടി.വി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നത്.
12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിർദേശമുണ്ടെങ്കിലും അതിന് തയാറാകാതെ ഇവിടെ തുടര്‍ന്ന യുവാക്കളാണ് സംഘർഷമുണ്ടാക്കിയത്. നൈറ്റ് ലൈഫിനായി തുറന്നുകൊടുത്ത മാനവീയം വീഥിയിൽ സ്ത്രീകളും കുട്ടികളും കുടുംബവുമായി എത്താറുണ്ട്. എന്നാൽ ഇവർക്ക് സംരക്ഷണത്തിനായി വനിത പൊലീസുകാരില്ല.
ലഹരിസംഘങ്ങൾ ഘട്ടംഘട്ടമായി പ്രദേശത്ത് പിടിമുറിയതോടെ തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയെന്ന് വിശേഷിപ്പിക്കപ്പെട്ട മാനവീയം വീഥിയിലേക്ക് എത്താൻ കുടുംബങ്ങളും ഭയപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.