പൊലീസിനെ ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തൽ: രണ്ടുപേർ അറസ്റ്റിൽ
text_fieldsകഠിനംകുളം: കഠിനംകുളം പുതുക്കുറിച്ചിയിൽ പൊലീസിനെ ആക്രമിച്ച് പ്രതികളെ ബന്ധുക്കൾ രക്ഷപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പുതുക്കുറിച്ചി സ്വദേശികളായ നബിൻ (25), കൈഫ് (22) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അടിപിടിക്കേസിൽ പിടികൂടിയ പ്രതികളെയാണ് സ്ത്രീകളടക്കമുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയത്.
ഇരുസംഘങ്ങൾ തമ്മിലുണ്ടായ അടിപിടി അറിഞ്ഞെത്തിയ കഠിനംകുളം പൊലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കളടക്കമുള്ളവർ ജീപ്പ് തടഞ്ഞ് പൊലീസിനെ അക്രമിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത പുതുക്കുറിച്ചി സ്വദേശി നബിൻ, കൈഫ് എന്നിവരെ വിലങ്ങഴിച്ച് പൊലീസ് വിട്ടുകൊടുക്കുകയായിരുന്നു.
സ്ഥലത്ത് ആളുകൾ കൂടിയതോടെ പ്രതിരോധിക്കാൻ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇവർക്കും ആരെയും പിടികൂടാനായില്ല. തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളാണ്. തീരദേശമായതിനാൽ രാത്രി മറ്റ് നടപടികൾ വേണ്ടെന്ന ഉന്നതതല തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങി.
അടിപിടിയിൽ പരിക്കേറ്റ സഫീർ, അലി, ജാഫർ എന്നിവർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അറസ്റ്റിലായ പ്രതികൾക്കുപുറമെ സ്ത്രീകൾ അടക്കം കണ്ടാലറിയാവുന്ന നിരവധിപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.