ഛത്തിസ്ഗഢിൽ ക്രൈസ്തവർക്കെതിരെ നടക്കുന്നത് ക്രൂര പീഡനമെന്ന് വസ്തുതാന്വേഷണ സംഘം
text_fieldsകൊച്ചി: ഛത്തീസ്ഗഢിലെ നാരായൺപുരിൽ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ നടന്ന ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് വസ്തുതാന്വേഷണ സംഘം. വിവിധ ക്രൈസ്തവ സഭകളുടെ പൊതുകൂട്ടായ്മയായ എക്ലേവിയ യുനൈറ്റഡ് ഫോറം ചെയർമാൻ ഡോ. ജോൺസൺ തേക്കടി, യുനൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ജിം മാത്യു എന്നിവരടങ്ങിയ സംഘമാണ് സംഘർഷ സ്ഥലങ്ങൾ സന്ദർശിച്ചത്.
പിന്നാക്കാവസ്ഥയിലായിരുന്ന ബസ്തർ മേഖലയിൽ ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തനംമൂലം ഉണ്ടായ സാമൂഹിക, വിദ്യാഭ്യാസ ഉണർവാണ് ആക്രമണത്തിന് പ്രേരകമായതെന്ന് സംഘാംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളിലുണ്ടായ ഉണർവ്മൂലം തങ്ങളുടെ ചൂഷണം നടക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ക്രൈസ്തവ വിശ്വാസികളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും പൊതുകിണറുകളിൽനിന്ന് വെള്ളം നിഷേധിക്കുകയുമാണ്. റിമാവാണ്ട് ഗ്രാമത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവരെ പൊതുസ്ഥലങ്ങളിൽ നഗ്നരായി നിർത്തി മർദിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തു.
പ്രദേശത്തെ ഇരുമ്പയിര് കമ്പനിയിൽ ജോലി ചെയ്യുന്ന 70 ക്രൈസ്തവരെ പിരിച്ചുവിടാൻ ഭീഷണിപ്പെടുത്തുകയാണ്. അവരുടെ ഉൽപന്നങ്ങൾ വിൽക്കാനോ സാധനങ്ങൾ വാങ്ങാനോ അനുവദിക്കുന്നില്ല. മൃതദേഹം അടക്കം ചെയ്യാൻ സമ്മതിക്കില്ലന്നതിന് പുറമെ അടക്കിയവ മാന്തിയെടുക്കുകവരെ ചെയ്തു. കുട്ടികളെ സ്കൂളുകളിൽ അയക്കാൻ സമ്മതിക്കുന്നില്ല. ക്രൈസ്തവ ഗോത്രവാസികളെ നിർബന്ധപൂർവം ഘർവാപ്പസി നടത്തുകയാണ്.
അക്രമികൾക്ക് ക്രൈസ്തവരുടെ വീടുകൾ കാണിച്ച് നൽകുന്നവർക്ക് 1000 രൂപ വീതം പാരിതോഷികം നൽകുന്നു. അതിക്രമങ്ങൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമീഷനും വനിത കമീഷനും ഇടപെടണമെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും ഡോ. ജോൺസൺ തേക്കടയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.