തോൽപ്പിക്കാനാവില്ല മക്കളെ...അട്ടപ്പാടിയിൽ നിന്നെത്തി സംഘനൃത്തത്തിൽ വിജയംരുചിച്ച് ഏഴംഗ സംഘം
text_fieldsകൊല്ലം: വെള്ളിയാഴ്ച പുലർച്ച നാല് മണി. കലോത്സവത്തിന്റെ പ്രധാനവേദിയായ ആശ്രാമം മൈതാനം. അരങ്ങ് പുലർക്കാലത്തും സജീവം. വേദിയിൽ ഏഴ് നർത്തകികൾ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ഒരുപാട് പ്രതിസന്ധി മറികടന്നുവന്നതാണവർ. ഒരു രാവ് നീണ്ട ഉറക്കമൊഴിഞ്ഞ കാത്തിരിപ്പിനൊടുവിലാണ് വേദിയിലെത്തിയത്.
അതൊന്നും അവരുടെ നടനത്തെ ബാധിച്ചില്ല. നൂറ്റാണ്ടുകളായി തോറ്റുകൊടുത്തും വിട്ടുകൊടുത്തും ശീലിച്ചവർ ഇത്തവണ ജയിക്കണമെന്ന വാശിയിലായിരുന്നു. അവർ ജയിച്ചുതന്നെ മടങ്ങുകയും ചെയ്തു. പാലക്കാട് മുക്കാലി എം.ആർ.എസ് എച്ച്.എസ്.എസിലെ വിദ്യാർഥിനി സംഘമാണ് എ ഗ്രേഡും കൈപ്പിടിയിലൊതുക്കി മടങ്ങിയത്. ഗൂഡയൂർ ഊര് സ്വദേശിനിയായ ഒ.ബി. കൃഷ്ണേന്ദു, ഇടവാണി സ്വദേശി എം. ജ്യോതി, ആനവായ് സ്വദേശി കെ.സി. അഞ്ജനപ്രിയ, ഷോളയൂർ സ്വദേശി കെ. അക്ഷര, ദാസന്നൂർ സ്വദേശികളായ ആർ.വി. ഹേമലത, കെ. ദീപിക, ഭൂതിവഴി സ്വദേശി എം. ഗായത്രി എന്നിവരടങ്ങുന്നതായിരുന്നു നർത്തകസംഘം.
കേരള കലോത്സവ വേദിയിൽ എത്താനായി നടന്ന പോരാട്ടവും നടന്നുകയറിയ പ്രതിസന്ധികളും ചേർത്തുവെക്കുമ്പോൾ ഈ നേട്ടത്തിന് പത്തരമാറ്റാണ്. അട്ടപ്പാടിയുടെ വിദൂര മേഖലകളിൽ നിന്നുള്ള ഗോത്രവർഗക്കാരായ വിദ്യാർഥികളെ കോർത്തിണക്കിയാണ് എം.ആർ.എസ് ഇക്കുറി മത്സരത്തിനെത്തിയത്. ജില്ല കലോത്സവത്തിൽ കാണികളുടെ മനംകവർന്ന് എ ഗ്രേഡ് നേടിയെങ്കിലും സംസ്ഥാന കലോത്സവത്തിലെത്താൻ അപ്പീൽ നൽകേണ്ടിവന്നു. സ്കൂൾ ചെയർമാനായ കലക്ടറെ രക്ഷിതാക്കളടക്കമുള്ളവർ നേരിൽ കണ്ട് പരാതികളും ബോധിപ്പിച്ചു. തുടർന്ന് അപ്പീൽ അനുകൂലമായി. ഇതിനിടെ, അവധികാലത്ത് വീടുകളിലേക്ക് മടങ്ങിയ വിദ്യാർഥികളെ വിദൂര ഗ്രാമങ്ങളിൽനിന്ന് വിദ്യാലയത്തിലെത്തിക്കാൻ കാടും മലയും കയറിയിറങ്ങി അധ്യാപകരുടെ ശ്രമം. പ്രത്യേക അനുമതിനേടി ഹോസ്റ്റലുകളുടെ പ്രവർത്തനം.
ഏതാണ്ട് രണ്ടര മാസം നീണ്ട പരിശീലന സപര്യയാണ് ആവേശമാർന്ന നേട്ടത്തിലെത്തിച്ചത്. ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹത്തിന്റെ തീം അവതരിപ്പിച്ചാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. അധ്യാപകരായ പി. അഖിലേഷ്, കെ. വിജീഷ്, എസ്. റിംഷി, അതുല്യ വിജീഷ്, കെ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.