തിരുവോണത്തിനും അട്ടപ്പാടി ചീരക്കടവിലെ ആദിവാസികൾ പൊലീസ് സ്റ്റേഷനിൽ
text_fieldsകോഴിക്കോട്: തിരുവോണത്തിനും ചീരക്കടവിലെ ആദിവാസികൾ അഗളി പൊലീസ് സ്റ്റേഷനിൽ. ചീരക്കടവിലെ ഗാത്ത മൂപ്പിന്റെ പേരിലുള്ള സർവേ നമ്പർ 750/1ഭൂമിയുടെ അവകാശികളായ ആദിവാസികളെയാണ് അഗളി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
എന്തിനാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് ആദിവാസികൾക്ക് അറിയില്ല. ഇനിയും വിളിക്കും, വരണമെന്ന് ശക്തമായ ഭാഷയിൽ പൊലീസ് താക്കീതു നല്കിയെന്ന് ആദിവാസികൾ പറയുന്നു. സർക്കാർ രേഖകളിൽ 751/1 എന്ന സർവേ നമ്പറിൽ കൃഷിയിറക്കാൻ രാമചന്ദ്രന് ലഭിച്ച ഹൈകോടതിയുടെ ഉത്തരവിന്റെ മറവിലാണ് ഗാത്ത മൂപ്പന്റെ 750/1 എന്ന സർവേ ഭൂമിയിൽ കൈയേറ്റം നടത്താൻ നേരത്തെ പൊലീസുമായി എത്തിയത്.
പൊലീസ് സാന്നിധ്യത്തിൽ ഭൂമിയിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതിരുന്നു. ആദിവാസികൾ എതിർത്തതോടെ വില്ലേജ് രേഖകൾ പരിശോധിക്കാൻ പൊലീസ് തയാറായി. തുടർന്ന് ട്രാക്ടർ ഉപയോഗിച്ച മണ്ണിളക്കിയ ഭൂമിയുടെ സർവേ നമ്പരും ഹൈകോടതി ഉത്തരവിലെ സർവേ നമ്പരും ഒന്നല്ലെന്ന് വില്ലേജ് ഓഫിസറും തഹസിൽദാരും റിപ്പോർട്ടു ചെയ്തിരുന്നു. എന്നിട്ടും പൊലീസ് പിൻവാങ്ങിയില്ല.
സർവേ നമ്പർ ഹൈകോടതിയിൽ ടൈപ്പ് ചെയ്തപ്പോൾ തെറ്റിപ്പോയതെന്നായിരുന്നു പൊലീസ് വാദം. സർവേ നമ്പർ തെറ്റിയതാണെങ്കിൽ കോടതി തിരുത്തട്ടേയെന്ന് ആദിവാസികൾ പറഞ്ഞതോടെ പൊലീസിന് പിൻവാങ്ങേണ്ടിവന്നു. എന്നാൽ, കോടതിയിൽനിന്ന് ഇതുവരെ സർവേ നമ്പർ തിരുത്തി കിട്ടിയിട്ടില്ലെന്ന് അഗളി സി.ഐ 'മാധ്യമം ഓൺലൈനോ'ട് ശനിയാഴ്ച പറഞ്ഞു.
കെ.കെ. രമ എം.എൽ.എ നിയമസഭയിൽ അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിൽ ചീരക്കടവിലെ ആദിവാസികളുടെ പരാതിയും ഉണ്ടായിരുന്നു. ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂവകുപ്പിലെ പ്രത്യേക വിജിലൻസ് സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടിയും നൽകി. എന്നിട്ടും ചീരക്കടവിലെ ആദിവാസി സ്ത്രീകളെ അഗളി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്ന് ആദിവാസികൾ ചോദിക്കുന്നു.
കെ.കെ രമ എം.എൽ.എ ചീരക്കടവിലെത്തി ആദിവാസികളോട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് പൊലീസ് വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.