അട്ടപ്പാടി മധു കേസ് വിധി ഇന്ന്; നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കുടുംബം
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിധി ചൊവ്വാഴ്ച പ്രസ്താവിക്കും. നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കുടുംബം. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയാണ് കേസിൽ വിധി പറയുക. 2018 ഫെബ്രുവരി 22നാണ് മാനസിക വെല്ലുവിളി നേരിട്ടിരുന്ന മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം മധുവിനെ കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവരികയും മുക്കാലി ജങ്ഷനിൽവെച്ച് പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിനിടെ മധുവിനെ ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ അവശനായ മധു മരണപ്പെടുകയായിരുന്നു.
മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോൾ ആൾക്കൂട്ട ആക്രമണത്തിൽ ഏറ്റ പരിക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തി പൊലീസ് 16 പേരെ പ്രതിചേർത്ത് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം കഴിഞ്ഞ് 2018 മേയ് 30ന് മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ നീണ്ടതോടെ പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.
സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് കോടതി നടപടികൾ ആരംഭിച്ചത്. 2022 മാർച്ചിൽ പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചതോടെ ആരംഭിച്ച വിചാരണ നടപടികൾ 2023 മാർച്ചിൽ അന്തിമ വാദം പൂർത്തിയാക്കി. കേസിന്റെ നടപടിക്രമങ്ങൾ ഹൈകോടതിയുടെ മേൽനോട്ടത്തിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി പറയാൻ ഹൈകോടതി നീട്ടി നൽകിയ സമയം 2023 ഏപ്രിൽ അഞ്ചിന് അവസാനിക്കാനിരിക്കേയാണ് നാലിന് സ്പെഷൽ കോടതി വിധി പറയുന്നത്.
കേസുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികൾ അനുഭവിച്ചെങ്കിലും മധുവിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതിയിൽ വിശ്വാസമുണ്ടെന്നും മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഏറെ യാതനകൾ അനുഭവിക്കേണ്ടി വന്നുവെന്നും ഇതിനിടയിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോയതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.