അട്ടപ്പാടി മധു വധക്കേസ്: പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ അമ്മ ഇന്ന് സത്യാഗ്രഹമിരിക്കും
text_fieldsപാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഡോ. കെ.പി. സതീശനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ തിങ്കളാഴ്ച പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും.കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. രാജേഷ് .എം മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി കെ രാധാകൃഷ്ണനേയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം.
പ്രോസിക്യൂട്ടറായി കെ.പി സതീശനെ നിയമിച്ചാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്. പ്രോസിക്യൂട്ടർ നിയമനത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു. മണ്ണാർക്കാട് പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ആദിവാസി ഊരിലെ മല്ലന്റേയും മല്ലിയുടേയും മകൻ മധു (34) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. തുടർന്ന് അഗളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.
ഫെബ്രുവരി 25ന് കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു. മേയ് 23ന് അഗളി മുൻ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യൻ മണ്ണാർക്കാട് പട്ടികജാതി/ പട്ടികവർഗ പ്രത്യേക കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. തുടർന്ന് ഹൈകോടതി പ്രതികൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി.
ഏപ്രിൽ 28ന് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം തുടങ്ങി. സാക്ഷികളിൽ രണ്ടു പേർ കൂറുമാറിയതോടെ, കേസിൽ തോറ്റുപോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. ഇതേതുടർന്ന് സി. രാജേന്ദ്രൻ രാജിവെച്ചു. അഡീഷനൽ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനെ പ്രോസിക്യൂട്ടറായി നിയമിച്ചു. തുടർ കൂറുമാറ്റങ്ങൾക്കിടെ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കിയിട്ടും കൂറുമാറ്റം തുടർന്നു.
വിസ്താരത്തിനിടെ കൂറുമാറിയ പന്ത്രണ്ടാം സാക്ഷി മുക്കാലി സ്വദേശി അനിൽകുമാർ പൊലീസ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു കോടതിയിൽ ഓടിക്കയറുന്ന സംഭവമുണ്ടായി. ഇതിന് പിന്നാലെ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യം വിചാരണ കോടതി റദ്ദാക്കി. ഇതിനിടെ കൂറുമാറിയ 19-ാം സാക്ഷി കക്കി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂടാതെ, മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ടും പുറത്തുവന്നു. 2023 ഫെബ്രുവരി 11ന് അന്തിമ വാദം തുടങ്ങുകയും മാർച്ച് 10ന് അന്തിമവാദം പൂർത്തിയാകുകയും ചെയ്തു. ഏപ്രിൽ നാലിന് കേസിലെ 14 പ്രതികൾ കുറ്റകാരാണെന്ന് വിചാരണ കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.