മധുവിെൻറ കൊലപാതകം: ഉടൻ അന്വേഷണം വേണം-വി.എസ്, തലകുനിക്കേണ്ടി വന്നു –ആൻറണി
text_fieldsതൃശൂര്‍: മധു എന്ന ആദിവാസി യുവാവിനെ പൈശാചികമായി മർദിച്ച് കൊലപ്പെടുത്തിയവരെ കണ്ടെത്തി അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദലിതരും ആദിവാസികളുമായ ജനവിഭാഗങ്ങള്‍ തുല്യരും സുരക്ഷിതരുമാണെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.
ആദിവാസിയുടെ ഭൂമിയും ആവാസവ്യവസ്ഥയും ൈകയേറുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നത് ഒരിക്കലും വെച്ച്പൊറുപ്പിക്കാനാവില്ല -വി.എസ് പറഞ്ഞു.
അപമാനകരമെന്ന് കോടിയേരി
പാലക്കാട്: അഗളിയില്‍ ആദിവാസി യുവാവിനെ ആക്രമിച്ച് കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കടുകുമണ്ണ ഊരിലെ മധുവിനെ ചിണ്ടക്കിയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മോഷ്ടാവെന്ന് സംശയിച്ച് പിടികൂടുകയും മർദിക്കുകയും ചെയ്തത് നിന്ദ്യമായെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു. മാപ്പര്‍ഹിക്കാത്ത അപരിഷ്കൃത നടപടിയാണുണ്ടായത്. ഇത്തരം സംഭവം മേലില്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
തലകുനിക്കേണ്ടി വന്നു –ആൻറണി
ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്കു മുമ്പില്‍ കേരളീയര്‍ തലകുനിക്കേണ്ട ലജ്ജാകരമായ സംഭവമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആൻറണി എം.പി. ഉത്തരേന്ത്യയിലൊക്കെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, കേരളത്തിെൻറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനാകെ അപമാനം –കാനം
തിരുവനന്തപുരം: ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തിനേല്‍പിച്ച അപമാനം ചെറുതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ സംഭവം കേരളത്തിനേല്‍പിച്ച അപമാനം ചെറുതല്ല. കുറ്റവാളികള്‍ ആരായാലും അവരെ വെറുതെവിട്ടുകൂട. അറസ്റ്റ്ചെയ്തവര്ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു. അത്യന്തം ക്രൂരവും നീചവുമായ സംഭവമാണ് കഴിഞ്ഞദിവസം അഗളിയില്‍ നടന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി സന്ദർശിക്കാത്തത് പ്രതിഷേധാർഹം –കുമ്മനം
തിരുവനന്തപുരം : അട്ടപ്പാടിയിൽ ഞെട്ടിപ്പിക്കുന്ന ആദിവാസിഹത്യയുണ്ടായിട്ടും അവിടെയെത്തി കൊല്ലപ്പെട്ട യുവാവിെൻറ കുടുംബത്തെ ആശ്വസിപ്പിക്കാനോ അടിയന്തരസഹായം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രി എ.കെ. ബാലനോ തയാറാകാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്.
കേരളത്തില്‍ ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മധു. ഈ ക്രൂരതക്കു മുന്നില്‍ കേരള സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാറിനെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: ആദിവാസിയുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് ഡി.ജി.പി ഡോ. ജേക്കബ് തോമസ്. വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുകയാണെന്ന് തെൻറ ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു.
പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹികാവബോധം തരംതാണിരിക്കുന്നു. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കിൽ വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരൻ എങ്ങനെ എത്തിയെന്ന് ജേക്കബ് തോമസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.