അട്ടപ്പാടിയിൽ ഒറ്റദിവസം രണ്ട് നവജാത ശിശുക്കൾ മരിച്ചു
text_fieldsഅഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിപ്പെട്ട രണ്ട് നവജാത ശിശുക്കൾ മരിച്ചു. ചിണ്ടക്കി, കള്ളക്കര ഊരുകളിലാണ് വെള്ളിയാഴ്ച ശിശുമരണമുണ്ടായത്. ചിണ്ടക്കി ആദിവാസി ഊരിൽ പാർവതി-വിജയകുമാർ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരു പെൺകുട്ടിയും കള്ളക്കര ഊരിൽ മുരുകൻ-രേവതി ദമ്പതികളുടെ കുട്ടിയുമാണ് മരിച്ചത്.
പാർവതി 15 ദിവസം മുമ്പാണ് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. മരിച്ച കുട്ടിക്ക് 1.120 കിലോഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. ഉദര രോഗവുമുണ്ടായിരുന്നു. അമ്മക്ക് രക്തസമ്മർദമുണ്ടായതിനെ തുടർന്ന് എട്ടാം മാസത്തിൽ കുട്ടികളെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.
രണ്ടാമത്തെ കുട്ടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. ഷോളയൂർ കള്ളക്കര ഊരിലെ മുരുകൻ-രേവതി ദമ്പതികളുടെ 18 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ്. വെള്ളിയാഴ്ച പുലർച്ച നാലുമണിയോടെ കുട്ടിക്ക് പാലുകൊടുത്ത് കിടത്തിയതാെണന്നും പിന്നീട് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പരിശോധനക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരു മാസത്തിനിടെ അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽനിന്ന് നാല് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.