Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയുടെ വാദം...

മന്ത്രിയുടെ വാദം പൊളിഞ്ഞു; ഫാം ടൂറിസം പദ്ധതിക്ക് അനുമതി നൽകിയത് സർക്കാർ തന്നെയെന്ന് രേഖകൾ

text_fields
bookmark_border
മന്ത്രിയുടെ വാദം പൊളിഞ്ഞു; ഫാം ടൂറിസം പദ്ധതിക്ക് അനുമതി നൽകിയത് സർക്കാർ തന്നെയെന്ന് രേഖകൾ
cancel

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി പുനരധിവാസത്തിന് അനുവദിച്ച നിക്ഷിപ്ത വനഭൂമിയിൽ ഫാം ടൂറിസം പദ്ധതിക്ക് അനുമതി നൽകിയത് പട്ടികവർഗവകുപ്പാണെന്ന് രേഖകൾ. സർക്കാർ അറിയാതെയാണ് പദ്ധതി ആരംഭിച്ചതെന്ന മന്ത്രി എ.കെ. ബാലൻെറ വാദം ഇതോടെ പൊളിഞ്ഞു.

പദ്ധതിക്ക് സർക്കാർ നൽകിയ അനുമതിയുടെ മറവിലാണ് സൊസൈറ്റി സെക്രട്ടറിയും ഒറ്റപ്പാലം സബ് കലക്ടറും ​ചേർന്ന് 2730 ഏക്കർ ആദിവാസി ഭൂമി എൽ.എ ഹോംസ് എന്ന സ്വകാര്യ സ്ഥാപനത്തിന് 25 വർഷത്തേക്ക് കരാർ നൽകാൻ ധാരണപത്രം ഒപ്പുവെച്ചത്.

ൈട്രബൽ സൊസൈറ്റികളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് 2018 ഏപ്രിൽ 17 പട്ടികജാതി–വർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ പ്രവർത്തനത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചിരുന്നു. സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ വരവു^ചെലവു കണക്കുകളും ചർച്ചചെയ്തു. പ്രതിവർഷം ഒന്നര^ രണ്ട് കോടി രൂപ പട്ടികവർഗ വകുപ്പിൽനിന്ന്​ നൽകിയാണ് സൊസൈറ്റി പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് ചെയ്തു.

അതിന് പുറമെ സൊസൈറ്റിയുടെ ടേൺ ഓവർ വളരെ കുറവായതിനാൽ സർക്കാരിൻറെ പൊതുവിതരണ സമ്പ്രദായ പ്രകാരം എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ വിതരണം ചെയ്യുന്നുണ്ടെന്നും യോഗത്തിൽ വ്യക്​തമാക്കി. പട്ടികവർഗ വികസന വകുപ്പ് മറ്റെല്ലാ ആനുകൂല്യങ്ങളും ഫാമിൽ നൽകുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂലി ലഭിക്കുന്നതിന് നടപടി സ്വീകരിച്ചു. 1975ൽ ആരംഭിച്ച സൊസൈറ്റി നിലവിലെ സാഹചര്യത്തിൽ നഷ്ടം സഹിച്ച് തുടരേണ്ടതില്ലെന്നാണ് പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയത്​.

ആദിവാസി ഫണ്ടിൽനിന്ന്​ കോടികൾ തിന്നുമുടിക്കുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിശദമായി അപഗ്രഥനം ചെയ്ത ശേഷം രണ്ടാഴ്ചക്കകം പട്ടികവർഗ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി. അതോടൊപ്പം സൊസൈറ്റിയുടെ കീഴിലുള്ള സ്കൂൾ (ഗുരുകുല) വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയോ എം.ആർ.എസ് ആക്കിമാറ്റുകയോ ചെയ്യുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനും ഡയറക്ടറെ ചുമതലപ്പെടുത്തി. എന്നാൽ തൊട്ടുപിന്നാലെ സൊസൈറ്റി അധികൃതർ ഫാം ടൂറിസം പദ്ധതി നടപ്പാക്കി ലാഭമുണ്ടാക്കാമെന്ന് പട്ടികവർഗ വകുപ്പിനെ അറിയിച്ചു. അതിനുള്ള പ്രോജക്ട് റിപ്പോർട്ടും സമർപ്പിച്ചു.

സൊസൈറ്റിക്ക് കീഴിലുള്ള ഫാമുകളെ കോർത്തിണക്കി കാർഷിക സ്നേഹികളെയും പരിസ്ഥിതി സ്നേഹികളെയും ഉന്നംവച്ച് നടപ്പാക്കുന്ന ഫാം ടൂറിസം അഥവാ എക്കോ ടൂറിസം പദ്ധതിയാണ് സർക്കാരിനു മുന്നിൽ സൊസൈറ്റി സമർപ്പിച്ചത്. സൊസൈറ്റി പദ്ധതി നടപ്പാക്കാനായി 78.82 ലക്ഷം രൂപയും ആവശ്യപ്പെട്ടു. പദ്ധതിയുടെ ഉപഗുണഭോക്​താക്കൾ അഞ്ഞൂറോളം വരുന്ന കാർഷിക പാരിസ്ഥിതി സ്നേഹികൾ ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കാർഷിക രീതികളെ കുറിച്ച് അറിയാൻ ആകാംക്ഷയുള്ള ഒരു കൂട്ടം ജനവിഭാഗം പ്രതിദിനമെന്നോണം വർദ്ധിച്ചുവരുന്നു. അത്തരം കൃഷി രീതികളെ കുറിച്ച് പഠിക്കാനുള്ള സാധ്യതകൾ തുറന്നാൽ സന്ദർശകർ ഫാമിലേക്ക് എത്തും. അട്ടപ്പാടിയിലെ കാലാവസ്ഥയും പട്ടികവർഗക്കാരുടെ ജീവിതരീതിയും സന്ദർശകരുടെ മനംകവരും. സന്ദർശകർക്ക് കാപ്പി–ഏലം– കുരുമുളക് തോട്ടം പരിപാലനം, മത്സ്യബന്ധനം, പശു പരിപാലനം, ട്രക്കിംഗ്, പട്ടികവർഗ ഊര് സന്ദർശനം തുടങ്ങി സന്ദർശകരെ പരമാവധി പ്രകൃതിയോടും കൃഷിയോടും ചേർത്തുകൊണ്ടുപോകുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്യുന്നതെന്നും റിപ്പോട്ടിൽ പറയുന്നു. ചിണ്ടക്കി, കരുവാര ഫാമുകളിൽ എത്തുന്നവരെ ഫാമിലെ കാലാവസ്ഥ ആസ്വദിക്കാനും മത്സ്യബന്ധനം, പശുപരിപാലനം എന്നിവ കാണാനും അനുവദിക്കും. അടുത്തദിവസം രാവിലെ വരടിമലയും സന്ദർശിക്കാം. പ്രകൃതി സ്നേഹികൾക്കൊപ്പം വിനോദസഞ്ചാരികൾക്കും സൗകര്യങ്ങൾ ഒരുക്കാം.

താമസസൗകര്യം, നാടൻഭക്ഷണം, ട്രക്കിങ,് ആദിവാസി പരമ്പരാഗത കലാരൂപം, പട്ടികവർഗ ഉൗരുകളിലേക്ക് സന്ദർശനം, കാർഷിക ഉൽപന്നങ്ങളുടെ പരിപാലനവും വിളവെടുപ്പും, മത്സ്യബന്ധനവും നീന്തലും, ജൈവ ഉൽപന്നങ്ങളുടെ വിൽപന എന്നിങ്ങനെ പോകുന്നു ടൂറിസം സാധ്യതകൾ.

2018 ഓഗസ്റ്റ് ആറിന് ചേർന്ന സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പ് സൊസൈറ്റി മുന്നോട്ടുവെച്ച ടൂറിസം പദ്ധതിയുടെ െപ്രാപ്പോസൽ അംഗീകരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനഥാനതല വർക്കിങ് ഗ്രൂപ്പിൻെറ ശൂപാർശ സർക്കാരും അംഗീകരിച്ചു. തുടർന്ന് സൊസൈറ്റിക്ക് ഫാം ടൂറിസം പ്രവർത്തനത്തിനായി സാമ്പത്തിക സഹായം നൽകുന്നതിന് പട്ടികവർഗവകുപ്പ് ജോയിൻ്റ് സെക്രട്ടറി എം. രാജേഷ് കുമാർ 2018 ഓഗസ്റ്റ് 21ന് ഉത്തരവിറക്കി. അത് പ്രകാരം 2018–19 വർഷത്തെ കോർപ്പസ് ഫണ്ടിൽ നിന്നാണ് 54.56 ലക്ഷം രൂപയാണ് അനുവദിച്ചത്. സർക്കാർ അറിയാതെയാണ് പദ്ധതി ആരംഭിച്ചതെന്ന മന്ത്രി എ.കെ. ബാലൻെറ വാദമാണ്​ ഇതോടെ പൊളിഞ്ഞത്​. കരാർ നൽകിയത് സംബന്ധിച്ച് മന്ത്രി സമഗ്രാന്വേഷണത്തിന് നിർദേശം നൽകിയെങ്കിലും കരാർ റദ്ദുചെയ്തതോടെ അന്വേഷണവും പാതി വഴിയിലായി.

നിക്ഷിപ്ത വനഭൂമി ആദിവാസികളുടെ താമസത്തിനും കൃഷിക്കും ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് വനംവകുപ്പ് കൈമാറിയതെന്ന കാര്യം മറച്ചുവെച്ചുവച്ചാണ് പട്ടികവർഗവകുപ്പ് പദ്ധതിക്ക് അനുമതി നൽകിയത്. വരടിമല ഫാമിലെ 120 ആദിവാസി കുടുംബങ്ങൾ അടിസ്ഥാന സൗകര്യമില്ലാതെ ആവാസ ഭൂമി വിട്ടുപോയിട്ടും പട്ടികവർഗ വകുപ്പ് ഇടപെട്ടില്ല. അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ട പട്ടികവർഗവകുപ്പ് ഇക്കാര്യം ഇതുവരെ അന്വേഷിച്ചിട്ടില്ല. 2730 ഏക്കർ ആദിവാസി ഭൂമി പാട്ടക്കരാർ നൽകിയെന്ന വാർത്ത 'മാധ്യമം' പുറത്തുവിട്ടിരുന്നു. എന്നാൽ, സൊസൈറ്റി സെക്രട്ടറി മുതൽ പട്ടിക വർഗ ഡയക്ടർ വരെ നൽകിയ റിപ്പോർട്ടുകളിൽ സ്വകാര്യ സ്ഥാപനത്തിന് ഭൂമി പാട്ടക്കരാർ നൽകാൻ സൊസൈറ്റിക്ക് നിയമപരമായി അധികാരമുണ്ടെന്നും സൊസൈറ്റിയുടെ നിയന്ത്രണം സഹകരണവകുപ്പിനാണെന്നുമാണ് ചൂണ്ടിക്കാണിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attappadiak balanAttappadi farm tourism
Next Story