അട്ടപ്പാടി: ജോലി സയത്ത് മദ്യപിച്ച ഷോളയൂർ മുൻ വില്ലേജ് ഓഫിസറുടെ സസ്പെഷൻ തുടരാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം : അട്ടപ്പാടി ട്രൈബൽ താലൂക്ക്, ഷോളയൂർ വില്ലേജ് ഓഫീസറായിരുന്ന സി. അനൂപിന്റെ സസ്പെഷൻ തുടരാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സസ്പെൻഷൻ സംബന്ധിച്ച കലക്ടർ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വൈദ്യ പരിശോധനാ വേളയിൽ, സി.അനൂപ്, മദ്യം ഉപയോഗിച്ചുവെന്ന് അസിസ്റ്റന്റ് സർജൻ റിപ്പോർട്ട് ചെയ്തിരുന്നു. ജോലി സമയത്ത് മദ്യപിച്ചിട്ടുള്ളതായി വൈദ്യപരിശോധനയിൽ തെളിഞ്ഞതിനാൽ, 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ പ്രകാരം ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണ്. അതിനാൽ സസ്പെൻഷൻ പിൻവലിക്കേണ്ട സാഹചര്യമില്ല. വില്ലേജ് ഓഫീസറായിരുന്ന സി. അനൂപിനെ സസ്പെൻഷനിൽ തന്നെ നിലനിർത്തനാണ് ഉത്തരവ്.
കൊടുന്തിരപ്പള്ളി, കാടൂർ സ്വദേശി സത്യനാരായണൻ പാലക്കാട് കലക്ടർക്ക് സമർപ്പിച്ച പരാതിയിലാണ് ആഭ്യന്തര പരിശോധന വിഭാഗം സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഷോളയൂർ വില്ലേജ് ഓഫീസിൽ പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് ഓഫീസിൽ വില്ലേജ് ഓഫീസർ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധനയുടെ ഭാഗമായി ഓഫീസ് സംബന്ധമായ വിവിധ വിഷയങ്ങൾ ആരാഞ്ഞതിന് കൃത്യമായ മറുപടി വില്ലേജ് ഓഫീസർ നൽകിയില്ല. സി.അനൂപിന്റെ പെരുമാറ്റം തീർത്തും അസ്വാഭാവികവും, സംഭാഷണം പരസ്പര ബന്ധമില്ലാത്തതുമായിരുന്നു.
വില്ലേജ് ഓഫീസിൽ വിവിധ സേവനങ്ങൾക്കായി എത്തിയ പൊതുജനങ്ങളും വില്ലേജ് ഓഫീസറുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. അനൂപിനെ കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി.
സി. അനൂപ് മദ്യം ഉപയോഗിച്ചതായി വൈദ്യപരിശോധനായിൽ വ്യക്തമായി. അനൂപ് ഓഫീസിലേക്ക് വരുന്നതും ഓഫീസിൽ ജോലിയിലുള്ള സമയവും മദ്യലഹരിയിലാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം തികച്ചും നീതീകരിക്കാനാവാത്തതും കർശന നടപടി സ്വീകരിക്കേണ്ടതുമാണെന്ന കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് കലക്ടർ സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്തു.
അനൂപ് സസ്പെഷൻ നടപടിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഒരു മാസത്തിനകം ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണെന്ന് ട്രൈബ്യൂണൽ നിർദേശം നൽകി. അപ്പീൽ അപേക്ഷ തള്ളി അനൂപിനെ സസ്പെഷനിൽ തന്നെ നിലനിർത്തനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.