അട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു
text_fieldsകോഴിക്കോട് : സാമൂഹിക പ്രവർത്തകനായ അട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു. ഇന്ന് രാവിലെ ആറോടെയാണ് അഗളിയിൽ നിന്ന് പൊലീസ് സുകുമാരനെ ബലമായി പിടിച്ചുകൊണ്ടുപോയത്. കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് കമ്പനി അട്ടപ്പാടിയിൽ ഭൂമി വാങ്ങി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് സുകുമാരനെതിരെ പരാതി നൽകിയത്.
കമ്പനി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സുകുമാരനെ വിട്ടയച്ചതെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ അഡ്വ. ദിനേശ് പറഞ്ഞു. രാവിലെ പാൽ വാങ്ങാൻ പുറത്തുപോയ സുകുമാരൻ മടങ്ങി വന്നില്ല. മകൻ അന്വേഷിച്ചപ്പോഴാണ് തമിഴ്നാട്ടിലെ കാട്ടൂർ പൊലീസ് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയ വിവരം അദ്ദേഹത്തിൻറെ വീട്ടിൽ അറിഞ്ഞത്. സുകുമാരനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് കെ.കെ രമ എം.എൽ.എ അടക്കമുള്ളവർ ഇടപെട്ടിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിരന്തരം നിയമ പോരാട്ടം നടത്തി കൊണ്ടിരുന്ന സാമൂഹിക പ്രവർത്തകനാണ് സുകുമാരൻ.
ഭൂമി അന്യാധീനപ്പെട്ടതിന്റെ ചരിത്രം അന്വേഷിക്കുന്നവരോട് നഞ്ചിയമ്മ പറയുന്നത് സുകുമാരനോട് ചോദിക്കാനാണ്. പാലക്കാട് കലക്ടർ മൃൺമയി ജോഷിക്ക് നഞ്ചിയമ്മ കത്ത് നൽകിയ കത്തിൽ രേഖപ്പെടുത്തിയത് ഭൂമി സംബന്ധിച്ച വിചാരണക്ക് തനിക്ക് പകരം സുകുമാരൻ ഹാജരാകുമെന്നാണ്.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് അവരുടെ ഭൂമി സംബന്ധിച്ച രേഖകൾ സർക്കാർ ഓഫീസുകളിൽ നിന്ന് ശേഖരിച്ച് നിയമനടപടിക്ക് സഹായം നൽകുന്നത് സുകുമാരനാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ കണ്ട് അട്ടപ്പാടിയിലെ വർത്തമാനകാലത്തെ കൈയേറ്റത്തെ കുറിച്ച് മൊഴി നൽകിയതും സുകുമാരനും ആദിവാസി സംഘടന പ്രവ്ർത്തകനായ .ആർ ചന്ദ്രനും അടക്കമുള്ള ആളുകളാണ്.
അതിനെ തുടർന്നാണ് ലീഗൽ സർവീസസ് അതോറിറ്റിയെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചത്. സുകുമാരനെതിരെ ഒരു ഡസനിലധികം കേസുകൾ ഭൂമാഫിയ പല കോടതികളിലായി നൽകിയിട്ടുണ്ട്. അതിൽ ഏറെയും കോടതി തള്ളിക്കളഞ്ഞു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ അടുത്ത കാലത്ത് സുകുമാരന്റെ പേരിലുള്ള നാല് കേസുകൾ ഒരു കേസ് ആയി പരിഗണിച്ച് എല്ലാ കേസും തള്ളിയിരുന്നു. അട്ടപ്പാടിയുടെയും ആദിവാസികളുടെ നാവായി പ്രവർത്തിക്കുന്ന സുകുമാരന്റെ അറസ്റ്റിൽ സംസ്ഥാനത്തെ മനുഷ്യവാകശ പ്രവർത്തകർ പ്രതിഷേധ പരിപാടികൾ ആലോചിച്ച സന്ദർഭത്തിലാണ് സുകുമാരനെ വിട്ടയച്ച വാർത്ത പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.