അട്ടപ്പാടി ടി.എൽ.എ കേസ്: വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തഹസിൽദാർ അവഗണിച്ചെന്ന് പരാതി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ടി.എൽ.എ കേസിൽ പുതൂർ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തഹസിൽദാർ അവഗണിക്കുകയും കൈയേറ്റക്കാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെന്നും ആക്ഷേപം. പുതൂർ വില്ലേജിലെ 178 സർവേ നമ്പറിൽപ്പെട്ട അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് ആദിവാസിയായ മരുതി അപേക്ഷ നൽകിയത്. ഭൂമിയുടെ പ്രമാണ രേഖകൾ പരിശോധിച്ച് പുതൂർ വില്ലേജ് ഓഫിസർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം 2.54 ഹെക്ടർ ഭൂമി പുതൂർ ചൂട്ടറയിൽ ആദിവാസിയായ ബൊക്കക്ക് 1971ൽ പട്ടയം ലഭിച്ചതാണ്.
ബൊക്കയുടെ മരണശേഷം ഭൂമിയുടെ അവകാശികളായ രങ്കൻ (ഭീമൻ), കോണൻ, മരുതൻ എന്നിവർ ചേർന്ന് 1983ലെയും 1985ലും നാല് ആധാരങ്ങളിലൂടെ മാരിയപ്പ കൗണ്ടർക്ക് ഭൂമി വിറ്റു. എന്നാൽ, മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫിസിലെ ജന്മിതീറാധാരങ്ങൾ പരിശോധിച്ചതിൽ ആധാരം എഴുതി നൽകിയ രങ്കൻ (ഭീമൻ), കോണൻ, മരുതൻ എന്നിവരുടെ ഒപ്പുകൾ സാമ്യം ഉള്ളതായും രണ്ട് ആധാരങ്ങളിലും ഇട്ടിരിക്കുന്ന ഒപ്പുകൾ വ്യത്യാസമുള്ളതായും കാണുന്നുവെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ അടിവരയിട്ട് രേഖപ്പെടുത്തി.
കോണന്റെ മകൾ മരുതി കലക്ടർക്ക് നൽകിയ പരാതിയിൽ വ്യാജ ആധാരം നിർമിച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പരാതിയെ തുടർന്നാണ് വില്ലേജ് ഓഫിസർ പരിശോധന നടത്തിയത്. 1983ലെ 4248 നമ്പർ ആധാരത്തിൽ നമ്പർ ഇല്ലാത്തതായും കൈമാറിയ ആളുകളുടെ (ചെറിയച്ഛന്മാരുടെ) ഒപ്പുകളല്ലായെന്നും ഈ ഒപ്പുകൾ ആധാരമെഴുത്തുകരുടേതാണെന്നും 1985ലെ 990 നമ്പർ ആധാരത്തിൽ ഇട്ടിരിക്കുന്ന മൂന്നു വ്യക്തികളുടെയും ഒപ്പുകൾ ഒരേയാൾ തന്നെ ഇട്ട ഒപ്പുപോലെ തോന്നുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
അതുപോലെ മരുതൻ പേരെഴുതി ഒപ്പുവെക്കുന്ന ആളാണെന്നും എന്നാൽ ആധാരത്തിൽ അങ്ങനെയല്ലെന്നും ആധാരം വ്യാജമായി തയാറാക്കിതാണെന്നും മരുതി വാദിച്ചു. വില്ലേജ് ഓഫിസറുടെ പരിശോധനയിലും ഇത് വ്യക്തമായി. ആക്ഷേപങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കണമെങ്കിൽ ഈ ആധാരങ്ങൾ ശാസ്ത്രീയമായി ഫോറൻസിക്ക് പരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു വില്ലേജ് ഓഫിസറുടെ നിർദേശം. ഫോറൻസിക്ക് പരിശോധനയിലൂടെ മാത്രമേ ആധാരങ്ങൾ വ്യാജമാണെന്ന് സംശയമന്യേ തെളിയിക്കാനാകൂവെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.
എന്നാൽ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലെ നിർദേശങ്ങളെല്ലാം തഹസിൽദാർ അവഗണിച്ചു. ഭൂമി കൈയേറിയവർക്ക് അനുകൂലമായിട്ടാണ് ഭൂരേഖ തഹസിൽദാർ 2022 ഫെബ്രുവരി 28ന് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. 1999ലെ നിയമപ്രകാരം 4.27 ഏക്കർ ഭൂമി മാരിയപ്പൻ കൗണ്ടർക്കും അവകാശികളായ അരുണഗിരിക്കും ചിന്നസ്വാമിക്കും അവകാശപ്പെട്ടതാണ്. അതിനാൽ അവർ ഭൂമി കൈമാറ്റം ചെയ്തത് ശരിയാണെന്നും തഹസിൽദാർ റിപ്പോർട്ടിൽ രേഖപ്പെടുത്തി.
ബാക്കിയുള്ള 2.01 ഏക്കർ ഭൂമി വനംവകുപ്പ് വനഭൂമിയായി ഏറ്റെടുക്കുകയും ചെയ്തു. പട്ടികവർഗക്കാർക്ക് നഷ്ടപ്പെട്ട 6.28 ഏക്കർ ഭൂമിക്ക് പകരം ഭൂമി ലഭിക്കുന്നതിന് മരുതി അപേക്ഷ നൽകണമെന്നാണ് തഹസിൽദാരുടെ റിപ്പോർട്ട്. ഭൂമി കൈയേറിയവർ വീണ്ടും കൈമാറ്റം നടത്തി. പുതിയ ഉടമസ്ഥർ നിർമാണം തുടങ്ങി. നിസ്സഹായരായി നിന്ന് നിലവിളിക്കുകയാണ് മരുതിയെന്ന ആദിവാസി സ്ത്രീ. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് കലക്ടർ പരിശോധിക്കണമെന്നാണ് മരുതി ആവശ്യപ്പെടുന്നത്. വ്യാജരേഖ നിർമിച്ച് ആദിവാസി ഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.