അട്ടപ്പാടി ആദിവാസി ഭൂമി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് സഹായം തേടിയിരുന്നുവെന്ന് സബ് കലക്ടർ
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സായുധന സേന വിഭാഗത്തിന്റെ സഹായം തേടിയിരുന്നുവെന്ന് ഒറ്റപ്പാലം സബ് കലക്ടർ. 08/87 നമ്പർ ടി.എൽ.എ കേസിൽ 2012 ഒക്ടോബർ ഒന്നിന് സുപ്രീം കോടതിയുടെ അന്തിമ വിധിയുണ്ടായെന്ന് സബ് കലക്ടറുടെ കാര്യാലയം മാധ്യമം ഓൺലൈനിനെ അറിയിച്ചു.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ച് നൽകാൻ സുപ്രീം കോടതി വിധിച്ചിട്ടും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അട്ടപ്പാടി അഗളി ഭൂതിവഴി ഊരിലെ രാംരാജ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി അയച്ചത് മാധ്യമം ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്നാണ് സബ് കലക്റുടെ കാര്യാലയത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചത്.
രാംരാജിന്റെ മുത്തശ്ശി പൊന്നിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണ് അന്യാധീനപ്പെട്ടത്. ഭൂമി നിയമ വിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഷൺമുഖനിൽനിന്ന് തിരിച്ചു പിടിച്ച് അവകാശികളായ ആദിവാസികൾക്ക് നൽകണമെന്ന് ഒറ്റപ്പാലം മുൻ സബ് കലക്ടർ എസ്. സുബ്ബയ്യൻ 1987 സെപ്തംബർ ഏഴിന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഭൂമി കൈവശം വെച്ചിരിക്കുന്നവർ അപ്പീൽ നൽകി. പാലക്കാട് മുൻ കലക്ടർ ജിജി തോംസൻ ആദിവാസികൾക്ക് അനുകൂലമായി ഉത്തരവ് നൽകി.
അതോടെ കലക്ടടറുടെ ഉത്തരവിനെതിരെ ഭൂമി കൈവശം വെച്ചവർ ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അപ്പീൽ നൽകി. ആദിവാസികൾക്ക് അനുകൂലമായി 2012 ഒക്ടോബർ ഒന്നിന് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു. ആ ഉത്തരവ് നടപ്പാക്കുന്നതിനും എതിർ കക്ഷികളെ ഒഴിപ്പിക്കുന്നതിനുമാണ് പൊലീസ് സഹായം തേടി എ.ഡി.ജി.പി സായുധവിഭാഗം, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് സബ് കലക്ടറുടെ കാര്യാലയത്തിൽനിന്ന് കത്ത് നൽകിയിരുന്നുവെന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ടി.എൽ.എ കേസിലെ എതിർ കക്ഷികൾക്ക് പറയാനുള്ളത് സബ് കലക്ടർക്ക് മുന്നിൽ അറിയിക്കുന്നതിനായി അഗളി വില്ലേജ് ഓഫിസിൽ 2014 ജനുവരി 10ന് ഹാജരാക്കുന്നതിന് 2013 ഡിസംബർ 26ന് നോട്ടീസ് നൽകിയിരുന്നു. സബ് കലക്ടർ നൽകിയ നോട്ടീസിനെതിരെ ഹൈകോടതിയിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർ റിട്ട് ഹരജി ഫയൽ ചെയ്തു. ആ ഹരജിയിൽ (ഡബ്ല്യു.പി(സി) നമ്പർ 5354/2014) ഹൈകോടതി ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല. അതിനാലാണ് ഈ ടിഎൽ.എ കേസിൽ തുടർ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് സബ് കലക്ടർ മാധ്യമം ഓൺ ലൈനിന് നൽകിയ മറുപടി. സുപ്രീം കോടതി വിധി വന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസി കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.