അട്ടപ്പാടി കരാർ: സമഗ്ര അന്വേഷണം നടത്തണമെന്ന് എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി പുനരധിവാസ ഭൂമി എൽ.എ ഹോംസ് എന്ന സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് പാട്ടക്കരാർ നൽകിയത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മന്ത്രി എ.കെ. ബാലെൻറ നിർദേശം. കരാർ സംബന്ധിച്ച 'മാധ്യമം' റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാറിന് മന്ത്രി നിർദേശം നൽകിയത്. ആദിവാസി ഭൂമി കരാർ നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരിൽനിന്നും വിശദീകരണം തേടണം. പാലക്കാട് കലക്ടർ അറിയാതെ ഒറ്റപ്പാലം സബ് കലക്ടറാണ് കരാറിെൻറ സൂത്രധാരനെന്ന ആരോപണവും അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ പട്ടികവർഗ ഡയറക്ടർ പി. പുകഴേന്തിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സഹകരണ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണെന്നായിരുന്നു ഡയറക്ടറുടെ വിശദീകരണം. സംസ്ഥാന കോഒാപറേറ്റിവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിനാൽ സൊസൈറ്റിക്കുമേൽ പട്ടികവർഗ വകുപ്പിന് നിയന്ത്രണാധികാരമില്ല. നിയമോപദേശം വാങ്ങിയതിന് ശേഷമാണ് 2019 ഫെബ്രുവരി എട്ടിന് സൊസൈറ്റി മാനേജിങ് ഡയറക്ടറായ ഒറ്റപ്പാലം സബ് കലക്ടർ ഒപ്പിട്ടതെന്ന ഡയറക്ടറുടെ വിശദീകരണം മന്ത്രി തള്ളി.
2018ലെ ജനറൽ ബോഡിയുടെയും ഡയറക്ടർ ബോർഡിെൻറയും തീരുമാനപ്രകാരമാണ് കരാർ ഒപ്പിട്ടതെന്ന സൊസൈറ്റി സെക്രട്ടറിയുടെ വാദം ഡയറക്ടറുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടി. സൊസൈറ്റി സെക്രട്ടറി സുരേഷും അട്ടപ്പാടിയിലെ ഐ.ടി.ഡി.പി മുൻ ഓഫിസർ കൃഷ്ണ പ്രകാശുമാണ് കരാർ ഒപ്പുെവക്കാൻ മുഖ്യപങ്ക് വഹിച്ചത്. കൃഷ്ണ പ്രകാശ് നിലവിൽ പട്ടികവർഗ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് കൃഷ്ണപ്രകാശാണ്. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണ് ഡയറക്ടർ ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.
'ഫാമിങ് സൊസൈറ്റിയുടെ ഭൂമി' ടൂറിസം പദ്ധതിക്കായി 25 വർഷത്തേക്ക് 'റൈറ്റ് ടു യൂസ്' വ്യവസ്ഥയിൽ കരാർ നൽകിയെന്നാണ് റിപ്പോർട്ടുകളിലുള്ളത്. 'ആദിവാസി പുനരധിവാസ ഭൂമി'യെന്ന് റിപ്പോർട്ടുകളിലില്ല. സൊസൈറ്റിയുടെ ഭരണനിയന്ത്രണം പട്ടികവർഗ വകുപ്പിനാണെന്ന് മന്ത്രി എ.കെ. ബാലൻ ഫയലിൽ കുറിച്ചു. പട്ടികവർഗ വകുപ്പുമായി കൂടിയാലോചിക്കാതെ സൊസൈറ്റി സ്വന്തം നിലയിൽ ദീർഘകാലത്തേക്കുള്ള ഇത്തരം പദ്ധതി ആരംഭിക്കുന്നത് ക്രമവിരുദ്ധമാണ്. അതിനാൽ, ടൂറിസം പദ്ധതിയുടെ തുടർനടപടികൾ നിർത്തിെവക്കണമെന്നും മേൽനടപടി സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.