അട്ടപ്പാടി കരാർ: റിപ്പോർട്ടുകൾ ശുദ്ധ നുണയെന്ന് രേഖകൾ
text_fieldsതിരുവനന്തപുരം : അട്ടപ്പാടിയിൽ ആദിവാസി പുനരധിവാസത്തിന് കേന്ദ്ര വനമന്ത്രാലയം അനുവദിച്ച നിക്ഷിപ്ത വനഭൂമി 2730 ഏക്കർ ടൂറിസം പദ്ധതിക്ക് കരാർ ഉറപ്പിച്ചത് സംബന്ധിച്ച് പട്ടികവർഗവകുപ്പിനും റവന്യൂവകുപ്പിനും നൽകിയ റിപ്പോർട്ടുകൾ ശുദ്ധ നുണയെന്ന് സൊസൈറ്റി രേഖകൾ. അട്ടപ്പാടി കോ.ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി സുരേഷ് തയാറാക്കിയ റിപ്പോർട്ടാണ് പാലക്കാട് കലക്ടറും പട്ടികവർഗ ഡയറക്ടറും പകർപ്പെടുത്ത് സർക്കാരിന് സമർപ്പിച്ചത്. അതിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചത് സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൻെറയും ഭരണസമതിയുടെ തീരുമാനപ്രകാരമാണ് എൽ.എ ഹോംസ് എന്ന സ്ഥാപനത്തിന് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് 26 വർഷത്തേക്ക് പാട്ടത്തിന് നൽകിയതെന്നാണ്.
എന്നാൽ, സൊസൈറ്റി സെക്രട്ടറി വിവരാവകാശംപ്രകാരം നൽകിയ മറുപടിയിൽ വരടിമലഫാമിൻെറ അംഗങ്ങളായി എത്ര ആദിവാസി കുടുംബങ്ങളുണ്ടെന്ന കണക്ക് സൊസൈറ്റിയുടെ കൈവശമില്ല. വരടിമലയിൽ പുനരധിവസിപ്പിച്ച ആദിവാസികളുടേയും അവരുടെ ആശ്രിതരുടെയും വിലാസം അടക്കമുള്ള പേരുവിവരങ്ങൾ നിലവിൽ സൊസൈറ്റി ഓഫീസിലില്ല. അത് ഇപ്പോൾ ശേഖരിക്കാൻ തുടങ്ങിയെന്നാണ്. അംഗങ്ങൾ ആരാണെന്ന പട്ടികപോലുമില്ലാതെ ജനറൽ ബോഡിചേർന്ന് തീരുമാനമെടുത്തുവെന്ന വാദം ഇതോടെ പൊളിയുകയാണ്. 2000-2001ന് ശേഷം ആദിവാസികൾ വരടിമല ഫാമിൽ താമസിക്കുന്നില്ല. രംഗസ്വാമി കൃഷ്ണൻ, രേഖ വെള്ളിങ്കിരി, പൊന്നി അപ്പുക്കുട്ടി, സരസ്വതി രാമസ്വാമി, സത്യവതി വീരസ്വാമി, മല്ലയ്യൻ മുത്തുസ്വാമി തുടങ്ങിയവരുടെ കുടുംബങ്ങളാണ് അവസാനമായി ഫാം വിട്ടുപോയതെന്നും സെക്രട്ടറി വ്യക്തമാക്കി.
1975 ൽ നടപ്പാക്കിയ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് അടിമ തുല്യം ജീവിക്കുന്ന ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയം വരടി മലയിൽ നിക്ഷിപ്ത വനഭൂമി അനുവദിച്ചത്. രേഖകളനുസരിച്ച് 120 ആദിവാസി കുടുംബങ്ങളെയാണ് വരടിവലിയിൽ പുനരധിവാസത്തിന് തെരഞ്ഞെടുത്തത്. പ്രാഥമിക അടിസ്ഥാന സൗകര്യം ഒരുക്കി അവരെ അവിടെ കുടിയിരുത്തുകയും ചെയ്തു. എന്നാൽ, തൊണ്ണൂറുകളുടെ പകുതിയായതോടെ പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥയും ശക്തയതോടെ ആദിവാസികൾക്ക് പണിയില്ലാതായി. കുടുംബങ്ങൾ പട്ടിണിയിലായി. ക്രമേണ അവർ വരടിമല വിട്ട് ഷോളയൂർ ഭാഗത്തെ കോളനികളിലേക്ക് താമസം മാറ്റി. കുറച്ച് കുടുംബങ്ങൾ മാത്രമാണ് അവസാനം വരെ വരടിമലയിൽ പിടിച്ചുനിന്നതെന്ന് അവസാനം കുടിയിറക്കപ്പെട്ട വെള്ളിങ്കിരി മാധ്യമത്തോട് പറഞ്ഞു. ചോലയൂർ, ഗോണ്ടിയൂർ, വെച്ചപ്പതി, വെള്ളക്കുളം, വയലൂർ ഊരൂകളിലേക്കാണ് വരടിമലയിലുണ്ടായിരുന്നവർ ചേക്കേറിയത്.
വരടിമലയിൽ പുനരധിവാസകേന്ദ്രമായിരുന്നപ്പോൾ പട്ടികവർഗ വകുപ്പ് നിർമിത കേന്ദ്രം വഴി 14 വീടുകൾ വെച്ചിരുന്നു. അങ്കണവാടി, ബാലവാടി, കാൻറീൻ, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയും വരടിമലയിൽ പ്രവർത്തിച്ചിരുന്നു. അതെല്ലാം പട്ടികവർഗവകുപ്പും സൊസൈറ്റി അധികൃതരും ചേർന്നാണ് അടച്ചുപൂട്ടിയത്. ആദിവാസികളുടെ കൈവശം വരടിമലയുടെ നിലവിലെ അവകാശികളായ 300 ലധികം കുടുംബങ്ങളുടെ ലിസ്റ്റുണ്ട്. എന്നാൽ, സൊസൈറ്റിയുടെ കൈവശം അതുമില്ല. അവരിൽ ബഹുഭൂരിപക്ഷംപേരും ജനറൽബോഡി നടന്നത് അറിഞ്ഞിട്ടില്ല.
2001ൽ സംസ്ഥാനത്ത് ആദിവാസി മേഖലകളിൽ പട്ടിണിമരണം ഉണ്ടായപ്പോഴാണ് ആദിവാസികൾ മേഖലയിൽനിന്ന് കുടിയിറങ്ങിയത്. 2001ൽ പട്ടിണിമരണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.കെ ജാനുവിനെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സമരം അവസാനിപ്പിച്ചപ്പോൾ സഹകരണ സൊസൈറ്റികൾ പിരിച്ചുവിട്ട് ഫാമുകൾ ആദിവാസി കുടുംബങ്ങൾക്ക് അഞ്ചേക്കർ വീതം നൽകണമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. ഇക്കാലത്ത് വരടിമല ആദിവാസി പുനരധിവാസ കേന്ദ്രത്തിൽനിന്ന ആദിവാസികൾ കുടിയിറങ്ങി കാര്യം സൊസൈറ്റി അധികൃതരും പട്ടികവർഗ വകുപ്പും മറച്ചു വച്ചു. വരടിമല ആദിവാസി പുരധിവാസ മിഷന് കൈമാറിയുന്നെങ്കിൽ ആദിവാസികളെ കുടിയിരുത്തി പുതിയ പ്രവർത്തനങ്ങൾ നടത്തുമായിരുന്നു. അതും തടഞ്ഞത് പട്ടികവർഗ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ്. ഈ കരാറിന് പിന്നിൽ പ്രവർത്തിച്ചതും സൊസൈറ്റി സെക്രട്ടറിയായിരുന്ന സുരേഷും ഐ.ടി.ഡി.പി മുൻ ഓഫിസർ കൃഷ്ണ പ്രകാശുമാണ്. കരാർ ഒപ്പിട്ടതിൽ ഇവരുടെ പങ്കും സർക്കാർ അന്വേഷിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.