അട്ടപ്പാടി കരാർ: അന്വേഷിക്കാൻ റവന്യൂ മന്ത്രിയുടെ നിർദേശം; വരടിമല തിരിച്ചെടുക്കാൻ വനംവകുപ്പ് നീക്കം
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി പുനരധിവാസ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നൽകി. ആദിവാസി ഭൂമി കരാർ നൽകിയത് നിയമവിരുദ്ധമാണെന്ന 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇത്. ആദിവാസികളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ഓഫിസറെ നിയോഗിക്കണമെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അട്ടപ്പാടി ഫാമിങ് സഹകരണ സൊസൈറ്റി അധികൃതരുടെ തീരുമാനമനുസരിച്ച് ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക് ജോർജാണ് 2730 ഏക്കർ ഭൂമി 26 വർഷത്തേക്ക് കരാർ നൽകിയത്. സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറാണ് ഒറ്റപ്പാലം സബ് കലക്ടർ. കരാർ നൽകാൻ സൊസൈറ്റിക്ക് അധികാരമുണ്ടെന്നാണ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ വാദം. പാലക്കാട് കലക്ടറോട് റവന്യൂ വകുപ്പ് നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സൊസൈറ്റി സെക്രട്ടറി തയാറാക്കിയ അതേ റിപ്പോർട്ടാണ് കലക്ടറുടെ പേരിൽ ഡെപ്യൂട്ടി കലക്ടർ നൽകിയത്.
ഫാമിങ് സൊസൈറ്റിയുടെ പ്രസിഡൻറാണ് കലക്ടർ. കരാറിൽ സാക്ഷിയായി ഒപ്പുവെച്ച അട്ടപ്പാടി ഐ.ടി.ഡി.പി മുൻ ഓഫിർ കൃഷ്ണ പ്രകാശ് നിലവിൽ പട്ടികവർഗ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. കരാർ നൽകിയ ഉദ്യോഗസ്ഥർ തന്നെ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നതിനാലാണ് അന്വേഷണം ലാൻഡ് റവന്യൂ കമീഷണറെ ഏൽപിച്ചത്. 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റവും നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമപ്രകാരം കരാർ നൽകാൻ കഴിയില്ലെന്ന ആദിവാസികളുടെ വാദമാണ് പ്രധാനമായും പരിശോധിക്കുക.
അതേസമയം, ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് നൽകിയ നിക്ഷിപ്ത വനഭൂമിയായ വരടിമല തിരിച്ചുപിടിക്കാൻ വനംവകുപ്പ് നീക്കം തുടങ്ങി. അടിമത്തം അനുഭവിച്ചിരുന്ന ആദിവാസികളെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് വനംവകുപ്പ് നിക്ഷിപ്ത വനഭൂമി നൽകിയത്.
ആദിവാസികളുടെ പുനരധിവാസത്തിനും അവരുടെ കൃഷിക്കും മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഭൂമി അനുവദിച്ചത്. 1975ൽ വരടിമലയിൽ 120 ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. ഇവരായിരുന്നു ഭൂമിയുടെ അവകാശികൾ. എന്നാൽ ഫാമിങ് സൊസൈറ്റിയുടെ കെടുകാര്യസ്ഥതമൂലം വരടിമല പുനരധിവാസത്തിെൻറ താളംതെറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.