അട്ടപ്പാടി കരാർ: ഒന്നുമറിയില്ലെന്ന് ഐ.ടി.ഡി.പി ഓഫിസർ
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി ഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് സംയോജിത പട്ടികവർഗ വികസന പ്രോജക്ട് (ഐ.ടി.ഡി.പി) ഓഫിസർ വാണിദാസ്.
വിവരാവകാശ നിയമപ്രകാരം ആഗസ്റ്റ് 12ന് നൽകിയ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഇൗ അവകാശവാദം. ഫാമിെൻറ നിയന്ത്രണം അട്ടപ്പാടി കോഓപറേറ്റിവ് ഫാമിങ് സൊസൈറ്റിക്കാണെന്ന ഒറ്റവാക്യത്തിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി അദ്ദേഹം ചുരുക്കി.
എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് ധാരണപത്രം വെളിപ്പെടുത്തുന്നു. 2019 ഫെബ്രുവരി എട്ടിന് ധാരണപത്രം ഒപ്പിട്ടപ്പോൾ അന്നത്തെ ഐ.ടി.ഡി.പി ഓഫിസർ കൃഷ്ണപ്രസാദാണ് കൈയൊപ്പ് ചാർത്തിയത്. അതാകട്ടെ ഫാമിങ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ എന്ന നിലയിലും. സൊസൈറ്റിയുടെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടറാണ് വാണിദാസ്.
കരാറൊപ്പിട്ട എൽ.എ ഹോംസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ഏഴംഗ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ആ കമ്മിറ്റിയുടെ ചെയർമാൻ സൊസൈറ്റി മാനേജിങ് ഡയറക്ടറോ സബ് കലക്ടറോ ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. ചുരുക്കത്തിൽ സ്വകാര്യ സ്ഥാപനം ടൂറിസം പദ്ധതി നടപ്പാക്കുന്ന കമ്മിറ്റിയുടെ ചെയർമാനാണ് വീണാദാസ്. സബ് കലക്ടർക്ക് പദ്ധതി നടത്തിപ്പിന് മേൽനോട്ടം നേരിട്ട് നിർവഹിക്കാൻ കഴിയാത്തതിനാൽ െഎ.ടി.ഡി.പി ഒാഫിസർക്കാണ് പൂർണ ചുമതല.
പട്ടിക വർഗ വകുപ്പ് ഫണ്ടുപയോഗിച്ച് നിർമിച്ച ഏലം ഗോഡൗൺ സ്വകാര്യ സ്ഥാപനത്തിെൻറ ടൂറിസം പദ്ധതിക്കായി പൊളിച്ചുനീക്കിയത് വാണിദാസിെൻറ നേതൃത്വത്തിലാണ്. ആ കല്ലുകൾ ഉപയോഗിച്ച് ടൂറിസ്റ്റുകൾക്ക് നീന്തിക്കളിക്കാൻ കഴിച്ച കുളത്തിന് കൽപ്പടവ് കെട്ടുന്നതിന് മേൽനോട്ടം വഹിച്ചതും ഈ ഉദ്യോഗസ്ഥനാണ്.
ഒരു സെൻറ് ആദിവാസി ഭൂമി അന്യാധീനപ്പെട്ടാൽ റിപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ് ഐ.ടി.ഡി.പി ഓഫിസർ. എന്നാൽ, അദ്ദേഹം സ്വകാര്യ കമ്പനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ആദിവാസി ചൂഷണത്തിന് കൂട്ടുനിൽക്കുകയുമാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.