അട്ടപ്പാടി ആദിവാസി ഭൂമി കൈയേറ്റം: അന്വേഷണം പ്രഹസനമാക്കി റവന്യൂ വകുപ്പ്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണം പ്രഹസനമാക്കി റവന്യൂ വകുപ്പ്. ഭൂമി കൈയേറ്റത്തെ സംബന്ധിച്ച വീഡിയോ സഹിതമുള്ള 'മാധ്യമം ഓൺലൈൻ' വാർത്തയെ തുടർന്നാണ് റവന്യൂ മന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ, ഭൂമാഫിയയുടെ ഉറ്റതോഴനായ കോട്ടത്തറ വില്ലേജ് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഇതോടെ നിലവിലെ അന്വേഷണത്തിൽ ആദിവാസികൾക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്.
ഞായറാഴ്ച ബുൾഡോസർ സ്ഥലത്തെ മണ്ണ് നിരത്തുന്ന വീഡിയോ കണ്ടിട്ടാണ് കോട്ടത്തറ വില്ലേജ് ഓഫിസറോട് 'മാധ്യമം' ഓൺലൈനിൽ നിന്ന് വിവരം അന്വേഷിച്ചത്. വില്ലേജ് ഓഫിസർ നൽകിയ മറുപടി ഇത്തരമൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ്. എന്നാൽ, ആദിവാസികൾ നൽകിയ പരാതിയിൽ വില്ലേജ് ഓഫിസർ ഭൂമി കൈയേറ്റക്കാരോടൊപ്പം നേരത്തെ ഈ സ്ഥലത്തെത്തിയിരുന്നു. ജൂൺ 28ന് കോട്ടത്തറ വില്ലേജ് ഓഫിസിൽ വച്ച് വില്ലേജ് ഓഫിസർ ഇരുവിഭാഗവുമായി ചർച്ച ചെയ്യുന്നതിന്റെ വീഡിയോയും ആദിവാസികളുടെ കൈവശമുണ്ട്. എന്നിട്ടും വില്ലേജ് ഓഫിസർ നുണ പറയുന്നത് എന്തുകൊണ്ടാണ് ?
ആ ചർച്ചയിൽ വില്ലേജ് ഓഫിസർ കൈയേറ്റക്കാർക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന് ആദിവാസികളുടെ ആരോപണം ശരിവെക്കുകയാണ് അദ്ദേഹത്തിന്റെ ഈ ഒളിച്ചുകളി. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹിൽദാർ പറയുന്നത് പ്രകാരം 1968ൽ ആദിവാസി കൈമാറ്റം ചെയ്ത ഭൂമിയാണിത്. അതിനാൽ 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തരിച്ചെടുക്കലും നിയമപ്രകാരം ഭൂമി കൈമാറ്റത്തെ നിയമപരമായി എതിർക്കാൻ ആദിവാസികൾക്ക് കഴിയില്ല.
1986 ജനുവരിക്ക് ശേഷം മാത്രമാണ് ആദിവാസി ഭൂമി കൈമാറ്റത്തിന് നിയന്ത്രണമുള്ളത്. അതിനാൽ ഈ ഭൂമി കൈമാറ്റം സാധുവാണെന്ന് 'മാധ്യമം' ഓൺലൈനോട് തഹസിൽദാർ അഭിപ്രായപ്പെട്ടു. അഡീഷണൽ തഹസിൽദാർ സ്ഥലം സന്ദർശിച്ചതിന് ശേഷം ലഭിച്ച വിവരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിൽ നിന്ന് ആദിവാസികളുടെ പരാതി റവന്യൂ ഉദ്യോഗസ്ഥർ മുഖവിലക്ക് എടുത്തിട്ടില്ലെന്നും 1999ലെ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥർ നടത്തുന്നത് തെറ്റായ വ്യാഖ്യാനമാണെന്നും വ്യക്തമാണ്.
അട്ടപ്പാടിയിൽ നടക്കുന്ന ഭൂമി തട്ടിപ്പ് മൂന്നാറിന് സമാനം. ആദിവാസി ഭൂമി ആദ്യം കൈമാറ്റം ചെയ്ത 1968 ലാണെന്നാണ് പ്രധാന വാദം. ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലം ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് ഉടമസ്ഥർ ആരും എത്തിയില്ലെന്നത് ദുരൂഹമാണ്. ഈ ഭൂമി വാങ്ങിയ ആർക്കും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് വില്ലേജ് ഓഫിസർക്ക് വാദിക്കാം. 1998ലെ ആധാരത്തിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം, പനമണ്ണ, തായൻതറ ഹൗസിൽ രാമൻകുട്ടി വാര്യരുടെ പേരിൽ 2003ൽ ആധാരം ചമച്ചത്. എന്നാൽ, ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം സ്വന്തം ഭൂമിയിൽ പ്രവേശിക്കാത്ത ഭൂവുടമസ്ഥനാണ് വാര്യർ. അദ്ദേഹം ആദിവാസികൾക്ക് ആട് മേയ്ക്കാൻ സൗജന്യമായി ഭൂമി നൽകിയിരുന്നോ?
അതിന് മുന്നേയുള്ള ആധാരത്തിന്റെ പകർപ്പ് വില്ലേജ് ഓഫിസർ ഇതുവരെ കാണിച്ചിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. 1998 മുതൽ 2022 വരെ ഭൂമി കൈവശം വെച്ചിരുന്ന ഒറ്റപ്പാലത്തുകാരൻ രാമൻകുട്ടി വാര്യരുടെ സ്വന്തം പേരിൽ അട്ടപ്പാടിയിൽ ഭൂമിയുണ്ടെന്ന് അദ്ദേഹത്തിന് സ്വപ്നത്തിൽ പോലും തെളിയാതിരുന്നതാണോ? ഈ ഭൂമി കൈമാറ്റം ചെയ്തതിന് ശേഷമാണ് രാമൻകുട്ടി വാര്യർ ആദിവാസികളെ ഭീഷണിപ്പെടുത്താൻ ഊരിലെത്തിയത്. നിലവിൽ വാര്യർ ഭൂവുടമസ്ഥനല്ല. ഭൂമി വിറ്റ മുൻ ഉടമസ്ഥൻ മാത്രമാണ്. ഇത്രയും കണ്ണായ സ്ഥലം കൃഷി ചെയ്യാതെ തരിശിട്ടതിന് വാര്യർക്ക് എന്ത് മറുപടി നൽകും.
അട്ടപ്പാടിയിൽ വ്യാജ ആധാരങ്ങളുടെ പിൻബലത്തിൽ ആദിവാസി ഭൂമി തട്ടിയെടുത്ത സംഭവങ്ങൾ നിരവധിയാണ്. ദേശീയ ആവാർഡ് ഗായിക നഞ്ചിയമ്മയുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത് വാർത്തയായിരുന്നു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ രക്ഷാധികാരിയായ വിദ്യാധിരാജ വിദ്യാസമാജം ട്രസ്റ്റ്, സേതുമാധവ വാര്യർ ഫൗണ്ടേഷൻ, രാമചന്ദ്ര വാര്യർ തുടങ്ങിയവരുടെ ആദിവാസി ഭൂമി കൈയേറ്റം പുറത്ത് വന്നിട്ടുണ്ട്. എല്ലാ കേസിലും വ്യാജരേഖകളുടെ പിൻബലത്തിലാണ് ഭൂമി കൈക്കലാക്കിയത്. മുന്നാറിൽ മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ, ടി.പി സെൻകുമാർ, രാജൻ മഥേക്കർ തുടങ്ങിയവരെ അന്വേഷണത്തിന് നിയോഗിച്ചതു പോലെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്ത സംഭവങ്ങളും റവന്യൂ വകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.