കാടിന്റെ മകനെ മനുഷ്യമൃഗങ്ങൾ കൊന്നു
text_fieldsഅഗളി(പാലക്കാട്): പതിറ്റാണ്ടുകാലം വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംവനത്തിൽ അന്തിയുറങ്ങിയ മധുവിന് ഒടുവിൽ അന്തകനായത് മനുഷ്യത്വം മരവിച്ച ആൾക്കൂട്ടം. വിശപ്പടക്കാനായി ഒരുപിടിയരി മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവിനെ ‘പരിഷ്കാരികൾ’ പിടികൂടി കോമാളിയെ പോലെ നാടുനീളെ പ്രദർശിപ്പിച്ചത്, കണ്ടവരും കിട്ടിയവരുമെല്ലാം അരിശം തീർത്തത്, ജീവനെടുത്തത്.
അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിലാണ് മധുവിെൻറ ജനനം. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. പിന്നീട് മധുവിനെയും രണ്ട് പെൺമക്കളേയും ഏറെ പാടുപെട്ടാണ് അമ്മ മല്ലി വളർത്തിയത്. ചിണ്ടക്കി സർക്കാർ സ്കൂളിൽ നാലാംതരം പഠനം കഴിഞ്ഞതോടെ മധുവിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. പ്രതീക്ഷയറ്റ ആദിവാസി യുവാവ് പിന്നീട് ഉറ്റവരിൽനിന്ന് ഒളിച്ചോടി. ഭവാനിപ്പുഴക്കരയിലെ കുമ്പളമലയിൽ പാറയിടുക്കിലായിരുന്നു പിന്നീടുള്ള ജീവിതം.
സൈലൻറ് വാലി കാടുകളോട് ചേർന്ന ഇവിടം കാട്ടുമൃഗങ്ങൾ ധാരാളം. കാട്ടാനയും കാട്ടുപോത്തും പുലിയും കരടിയും കടുവയും എല്ലാം സ്വൈരവിഹാരം നടത്തുന്നു. എന്നാൽ, ഇത്രയും കാലം ഒരു പോറൽപോലും മധുവിന് കാട്ടിൽനിന്നേറ്റിട്ടില്ല. അവസാനം, പരിഷ്കൃതരെന്ന് നടിക്കുന്നവർ കാടിെൻറ മകനെ തേടിയെത്തി. വിശക്കുമ്പോൾ പലപ്പോഴും കുമ്പളമലക്കു സമീപത്തെ പഞ്ചക്കാട്ടിൽ താമസിക്കുന്ന ബന്ധുവീടുകളിൽ എത്തും. അവർ നൽകുന്ന ഭക്ഷണം സ്വീകരിക്കും. കൃഷി നടക്കാത്ത കാലങ്ങളിൽ ബന്ധുക്കൾ സ്വന്തം ഊരിലേക്ക് മടങ്ങുന്നതോടെ മധു പട്ടിണിയിലാകും. വിശപ്പ് സഹിക്കാൻ കഴിയാതെ വരുന്നതോടെ കാടിറങ്ങും.
മുക്കാലി, കൽക്കണ്ടി, പാക്കളം തുടങ്ങിയ കവലകളിൽ പതിയിരിക്കും. മുന്നിൽ കാണുന്ന ഭക്ഷണസാധനങ്ങൾ കൈക്കലാക്കി പാറമടയിലേക്ക് മടങ്ങും. ഇത് മോഷണമാെണന്ന് ഇയാൾ ഒരിക്കലും തിരിച്ചറിഞ്ഞില്ല. മധു ഭക്ഷണം ശേഖരിച്ച സ്ഥലങ്ങളിൽ പലപ്പോഴും പണം ഉണ്ടായിട്ടുെണ്ടങ്കിലും ഒരു രൂപ പോലും എടുത്തിട്ടില്ല. പണത്തിെൻറ ഉപയോഗംപോലം മധുവിന് അറിയില്ല. സ്വന്തമായുള്ളത് ഒരു പഴഞ്ചൻ ടോർച്ച് മാത്രമാെണന്ന് ഊരുവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം ശേഖരിക്കുന്നതിനൊപ്പം ഇതിനുവേണ്ട ബാറ്ററിയും കൈവശപ്പെടുത്തുക പതിവാണത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.