ആദിവാസി യുവാവിനെ മർദിച്ച് കൊന്ന കേസ്: രണ്ട് പേർ അറസ്റ്റിൽ
text_fieldsഅഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു (22) മർദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുക്കാലി സ്വദേശികളായ അബ്ദുൽ കരീം, കടയുടമ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ച മധുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടു പോയി. മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ ആംബുലൻസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. എന്നാൽ, പ്രതികളെ ബന്ധുക്കൾക്ക് കാണുവാൻ അവസരം നൽകുമെന്നും ആദിവാസികൾക്കെതിരായ അട്രോസിറ്റി ആക്റ്റ് പ്രകാരം കൊലപാതകത്തിന് കേസെടുക്കുമെന്നുമുള്ള പൊലീസ് ഉറപ്പിന്‍റെ പശ്ചാത്തലത്തിലാണ് മൃതദേഹം വിട്ടുനൽകിയത്.
പ്രാക്തന ഗോത്രത്തിൽപെട്ട കുറുംബ വിഭാഗത്തിൽപെട്ടയാളാണ് മധു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആദിവാസികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.
മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്‍റെ അമ്മ ആവശ്യപ്പെട്ടു. മകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മധുവിന്‍റെ അമ്മ അല്ലി പറഞ്ഞു.
ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തു നിന്ന് പിടികൂടി മർദിച്ചത്. തുടർന്ന്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തിൽ ഛർദ്ദിച്ചതിനെത്തുടർന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മധുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൈയിലെ ഭക്ഷ്യധാന്യങ്ങൾ തീർന്ന് വിശക്കുമ്പോൾ മാത്രമാണ് മധു കാടിറങ്ങാറ്. ടോർച്ച്, ബാറ്ററി എന്നിവയും എടുക്കാറുണ്ടെന്ന് പറയപ്പെടുന്നു. നാട്ടുകാർ പിടികൂടുമ്പോൾ കൈയിൽ അരി മാത്രെമ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.