തിരുവാഭരണ പാതയിലെ തടികൾ മുറിച്ച് കടത്താൻ ശ്രമം
text_fieldsറാന്നി: തിരുവാഭരണ പാതയിലെ മരങ്ങൾ രാത്രിയിൽ മുറിച്ചു കടത്താൻ ശ്രമം. അഞ്ച് വർഷം മുൻപ് അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ റാന്നി പഞ്ചായത്ത് തീരുമാനിക്കുകയും ഫോറസ്റ്റ് വിഭാഗം വില നിശ്ചയിക്കുകയും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ സമയം വസ്തു ഉടമ റാന്നി മുൻസിഫ് കോടതിയിൽ തർക്കം ഉന്നയിക്കുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷം കേസ് നൽകിയവർ തന്നെ പിൻവലിച്ചു. ശേഷം പഞ്ചായത്തിന്‍റെ അധീനതയിൽ ഉള്ള വസ്തുവിലെ തേക്കും ആഞ്ഞിലിയും റബറും ഉൾപ്പടെ 16 മരങ്ങളാണ് മുറിച്ചിട്ടത്.
രാത്രിയിൽ കടത്തുന്നതിനായി നീക്കം നടത്തിയെങ്കിലും എതിർപ്പ് കാരണം നടന്നില്ല. തുടർന്ന് റാന്നി എൽ.ആർ തഹസീൽദാരെയും പഞ്ചായത്ത് സെക്രട്ടറിയെയും തിരുവാഭരണപാത സംരക്ഷണ സമിതി വിവരം അറിയിക്കുകയായിരുന്നു.
ഇതേതുടർന്ന് വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. മഹസർ തയാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഹൈകോടതി നിർദ്ദേശപ്രകാരം ഒഴിപ്പിക്കൽ നടപടികൾ നടക്കുമ്പോളാണ് ലക്ഷങ്ങളുടെ തടി കടത്തുന്നതിന് ശ്രമം നടക്കുന്നത്.
തടികളും മറ്റും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയ പ്രകാരമാണ് മുറിച്ചു മാറ്റിയതെന്നാണ് വസ്തു ഉടമ പറയുന്നത്. പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിൽ പിഴവുണ്ടെന്നും, അത് മാറ്റി നൽകി എന്നുമാണ് പറയുന്നത്.
സർക്കാർ സ്ഥലത്തെ മരം മുറിച്ചുകടത്തുന്നത് നിയമപരമായി തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പറഞ്ഞു. ഇതിനെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.