മതേതരത്വം തകര്‍ക്കാനുള്ള ശ്രമം അപലപനീയം -സുകുമാരന്‍ നായര്‍
text_fieldsചങ്ങനാശ്ശേരി: മതേതരത്വവും ജനാധിപത്യവും തകർക്കാൻ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. 146ാമത് മന്നം ജയന്തിയോടനുബന്ധിച്ചു പെരുന്നയിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയക്കാരും സർക്കാറും നമ്മളെ സഹായിക്കില്ല. സ്വാർഥലാഭത്തിനു വേണ്ടി ഇരു വള്ളത്തിൽ കാലു ചവിട്ടുന്നവർ ശ്രദ്ധിക്കണം. വലിയ ആദർശം പറയുന്നവർ ആദർശം ഒരു വഴിക്കാക്കി കാലത്തിനനുസൃതമായ മാറ്റം ഉൾക്കൊള്ളുന്നത് നാം തിരിച്ചറിയണം. സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻ.എസ്.എസിന് എന്നുമുണ്ടാവും. സർക്കാറുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും പൊതുനയമാണ്.
സർക്കാറുകളോട് ഇനിയും അതേ നയം തുടരും. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരനിലപാട് ആണ്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ല, അതുപോലെതന്നെ രാഷ്ട്രീയപാർട്ടികൾ എൻ.എസ്.എസ്സിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല.
ഭൂപ്രകൃതിക്കും സമ്പദ്‌വ്യവസ്ഥക്കും സാമൂഹിക ജീവിതത്തിനും സാമ്പത്തികഭദ്രതക്കും ഉതകുന്നതാവണം ഭാവി വികസനപ്രവർത്തനങ്ങൾ. ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പംതന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന ഭയാശങ്കകൾ ദൂരീകരിക്കേണ്ടത് സർക്കാറിന്റെ ധാർമിക ഉത്തരവാദിത്തമാണ് എന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.