കണക്ഷൻ വിച്ഛേദിക്കാൻ ശ്രമം;കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ തടഞ്ഞു
text_fieldsതൊടുപുഴ: അമിത വൈദ്യുതി ബിൽ അടക്കാത്ത ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും ഉപഭോക്താക്കളും തടഞ്ഞത് സംഘർഷത്തിന്വഴിവെച്ചു. വെങ്ങല്ലൂർ വേങ്ങത്താനം ഭാഗത്ത് വൻ തുകയുടെ അമിത വൈദ്യുതി ബിൽ വന്നവർ തുക അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനുള്ള ശ്രമമാണ് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞത്. ആദ്യം മണർകാട് സണ്ണി സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിലെത്തിയ ബോർഡ് അധികൃതരെ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർ കെ. ദീപക്, കെ.കെ. ഷിംനാസ്, എ.കെ. ബൈജു, മണികണ്ഠൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഉപഭോക്താക്കളും ചേർന്നാണ് തടഞ്ഞത്. തുടർന്ന് മുളക്കൽ എം.എസ്. പവനന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ നീക്കമായി. വൈദ്യുതി ബോർഡ് അസി. എക്സി. എൻജിനീയർ, അസി. എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അകമ്പടിയോടെയായിരുന്നു നടപടിക്കെത്തിയത്. അവിടെയും മുനിസിപ്പൽ ചെയർമാനും വാർഡ് അംഗം കെ. ദീപക്കും ഇടപെട്ടു.എം.എസ്. പവനനും മറ്റ് 17 ഉപഭോക്താക്കളും ബോർഡിൽനിന്ന് തങ്ങൾക്ക് ലഭിച്ച അമിത വൈദ്യുതി ബില്ലിനെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കോടതി നടപടിയിലിരിക്കുന്ന കേസായതിനാൽ കണക്ഷൻ വിച്ഛേദിക്കാൻ പാടില്ലെന്നും അതിനു മുതിർന്നാൽ തടയുമെന്നും മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. ഡീൻ കുര്യക്കോസ് എം.പി ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായി ബന്ധപ്പെട്ടെങ്കിലും എം.പിയുടെ നിർദേശം തള്ളുകയായിരുന്നു. ജനപ്രതിനിധികളെ അവഗണിച്ച് കണക്ഷൻ വിച്ഛേദിക്കലുമായി മുന്നോട്ട് പോകുന്ന ബോർഡ് അധികൃതരെ തെരുവിൽ തടയുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രശ്നം പരിഹരിക്കാൻ ചെയർമാന്റെ ചേംബറിൽ മൂന്നാം വാർഡ് അംഗം കെ. ദീപക്, കെ.എസ്.ഇ.ബി അധികൃതർ, പൊലീസ് അധികൃതർ, ഉപഭോക്താക്കൾ എന്നിവരുടെ യോഗം ചേരാമെന്ന് ചെയർമാൻ അറിയിച്ചു. എന്നാൽ, ചെയർമാനും വാർഡ് അംഗവും ചേർന്ന് കരാർ ഒപ്പിട്ടു നൽകിയാലേ കെ.എസ്.എ.ബി അധികൃതർ ഡിസ്കണക്ഷൻ നടപടികൾ ഒഴിവാക്കി മടങ്ങുകയുള്ളൂ എന്നാണ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചത്.
ഇതോടെ വീണ്ടും സംഗതി വഷളായി. ഒടുവിൽ ഉപഭോക്താക്കൾ അക്രമാസക്തരാകുമെന്ന നിലയിലെത്തിയപ്പോൾ പൊലീസ് ഇടപെടുകയും കെ.എസ്.ഇ.ബി അധികൃതർ പിൻവാങ്ങുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ 10ന് മുനിസിപ്പൽ ചെയർമാന്റെ ചേംബറിൽ മൂന്നാം വാർഡ് അംഗം കെ. ദീപക്, കെ.എസ്.ഇ.ബി അധികൃതർ, പൊലീസ് അധികൃതർ, ഉപഭോക്താക്കൾ എന്നിവരുടെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.