മനുഷ്യച്ചങ്ങല റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമം; ബി.ജെ.പി പ്രവർത്തകനെതിരെ കേസ്
text_fieldsമേൽപറമ്പ് (കാസർകോട്): ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ ബേക്കൽ മലാംകുന്നിലെ ബൈജുവിനെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മേൽപറമ്പിലാണ് സംഭവം.
ദേശാഭിമാനി കാറഡുക്ക ഏരിയ ലേഖകൻ രജിത്ത് കാടകത്തെയാണ് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കളനാട് ഭാഗത്തുനിന്നുവന്ന കാർ മനുഷ്യച്ചങ്ങലയിലേക്ക് ബോധപൂർവം ഓടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തട്ടി രജിത്ത് റോഡിലേക്ക് തെറിച്ചുവീണു. പിന്നെയും വാഹനം ചങ്ങലയിൽ അണിനിരന്നവർക്കെതിരെ തിരിച്ചു.
ഈ സമയം ഇതുവഴിവന്ന മേൽപറമ്പ് എസ്.ഐ വിജയന്‍റെ പൊലീസ് വാഹനം കണ്ടതോടെ കാർ അമിത വേഗത്തിൽ ഓടിച്ചുപോയി. കെ.എൽ 14 ഇസെഡ് 6456 ആൾട്ടോ കാറാണ് അപകടം വരുത്തിയത്. പരിക്കേറ്റ രജിത്ത് മുള്ളേരിയ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു ബൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.