ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം: ഷാജൻ സ്കറിയക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് ആണ് കേസെടുത്തത്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതിയംഗം എ.എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുള്ള ബേക്കറിയിൽ ഹഫീസ് ഒളിപ്പിച്ചുവെന്ന തരത്തിലുള്ള വാർത്ത മറുനാടൻ മലയാളി യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഹഫീസുമായി ബന്ധപ്പെട്ട എഡിറ്റർ ഷാജൻ സ്കറിയ 15 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നും പണം ലഭിച്ച ശേഷമെ വിഡിയോ ഡിലീറ്റ് ചെയ്യുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.
യൂട്യൂബിലും ഫേസ്ബുക്കിലും നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങുകയാണ് ഷാജൻ സ്കറിയയുടെ ലക്ഷ്യമെന്നും പരാതിയിൽ പറയുന്നു.
ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ ഷാജൻ സ്കറിയയെ ഒക്ടോബർ 21ന് അറസ്റ്റ് ചെയ്തിരുന്നു. എം.എൽ.എക്കു നേരെ ജാതി അധിക്ഷേപ പരാമർശം നടത്തിയെന്നാണ് എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ശ്രീനിജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഷാജനെ പിന്നീട് വിട്ടയച്ചു.
യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഷാജൻ സ്കറിയക്കെതിരെ ഒക്ടോബർ 18ന് കേസെടുത്തിരുന്നു. ആലുവ സ്വദേശിയായ സിനിമ നടി നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഓൺലൈൻ ചാനലിലൂടെ വാർത്ത നൽകിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.