പോപുലർ ഫ്രണ്ട് നേതാവിന് ജയിലിൽ സിം കാർഡ് എത്തിക്കാൻ ശ്രമം, ഭാര്യയും മകനുമടക്കം മൂന്നുപേർക്കെതിരെ കേസ്
text_fieldsതൃശൂർ: ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് നേതാവിന് ഖുർആനിൽ ഒളിപ്പിച്ച് സിം കാർഡ് നൽകാൻ ശ്രമം. വിയ്യൂർ അതിസുരക്ഷ ജയിലിൽ തടവിൽ കഴിയുന്ന ടി.എസ്. സൈനുദ്ദീന് സിം കാർഡ് നൽകാനാണ് ശ്രമിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് ഇടുക്കി പെരുവന്താനത്തുനിന്നാണ് സൈനുദ്ദീൻ അറസ്റ്റിലായത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, പിതാവ് മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്.
അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാക്കളെല്ലാം ഇപ്പോൾ വിയ്യൂർ അതിസുരക്ഷ ജയിലിലാണ്. തടവുകാർക്കുള്ള ഭക്ഷ്യവസ്തുക്കളടക്കം കർശന പരിശോധനക്ക് വിധേയമാക്കിയാണ് കൊണ്ടുപോകുന്നത്. സന്ദർശകർക്കും കർക്കശ പരിശോധനയുണ്ട്. ഇവർ കൈയിൽ സൂക്ഷിച്ച ഖുർആൻ പ്രാർഥനക്കാണെന്ന് പറഞ്ഞതിനാൽ അനുവദിച്ചിരുന്നു. എന്നാൽ, സ്ക്രീനിങ്ങിൽ ഇതിൽ ഒളിപ്പിച്ച സിം കാർഡ് പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ടി.എസ്. സൈനുദ്ദീന് വേണ്ടിയാണ് സിം എത്തിച്ചതെന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ പറയുന്നു. മതഗ്രന്ഥത്തിൽ സിം കാർഡ് ഒളിപ്പിച്ച് നൽകിയെന്നാണ് കേസ്. ജയിലിലേക്ക് നിരോധിത വസ്തുക്കള് ഒളിച്ചുകടത്തിയതിന് പ്രിസണേഴ്സ് ആക്ട് ചുമത്തിയിട്ടുണ്ട്. സിം കാർഡിന്റെ ഉടമയെ സംബന്ധിച്ച വിലാസവും മറ്റ് പരിശോധനകൾക്കുമായി സൈബർ സെല്ലിന് കൈമാറി.
പരിശോധനക്കുശേഷം തുടർ നടപടികളിലേക്കും കടക്കും. പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. എൻ.ഐ.എ ആവശ്യപ്പെട്ടതനുസരിച്ച് വിവരം അവർക്കും കൈമാറിയിട്ടുണ്ട്. പോപുലർ ഫ്രണ്ട് കോട്ടയം ജില്ല സെക്രട്ടറിയായിരുന്നു സൈനുദ്ദീൻ. ജയിലിൽ ഇവരെ കാണാൻ വരുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.